തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 ഭൂരഹിത ഭവനരഹിതര്‍ക്ക് 3 സെന്റ് വീതം ഭൂമിയുടെ കൈവശാവകാശരേഖ കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 2017 ല്‍ പ്രസിദ്ധീകരിച്ച ഭൂരഹിത ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളില്‍ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കള്‍ക്കാണ് ഭൂമി നല്‍കിയത്. മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള 16.50 ഏക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ 3 സെന്റ് വീതം കൈവശാവകാശം നല്‍കികൊണ്ട് 231 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നത്. നമ്മുടെ സംസ്ഥാനം ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.2016 ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ മുന്നേട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ക്ഷേമ പദ്ധതി എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നതാണ്. അതിന്റെ ഭാഗമായി പട്ടയവിതരണം കാര്യക്ഷമമായി നിര്‍വ്വഹിച്ചു. ഇതോടൊപ്പം ലൈഫ് മിഷന്‍ ആരംഭിച്ചു.
കഴിഞ്ഞ 8 വര്‍ഷത്തെ കണക്കു പ്രകാരം സംസ്ഥാനത്ത് മൂന്നുലക്ഷത്തി അന്‍പത്തിയെട്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയവും നാലുലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം വീടുകളും നല്‍കാന്‍ കഴിഞ്ഞു. ആ പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 കുടുംബങ്ങള്‍ക്ക് 3 സെന്റ് വീതം ഭൂമി ലഭ്യമാകുന്നത്.സംസ്ഥാനത്ത് കഴിഞ്ഞ 3 വര്‍ഷങ്ങളിലായി 1,80,887 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 54,535 പട്ടയങ്ങളും രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 67,063 പട്ടയങ്ങളും മൂന്നാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 31,495 പട്ടയങ്ങളും നാലാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഇതുവരെ 27,284 പട്ടയങ്ങള്‍ വിതരണം ചെയ്തു.
സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും പട്ടയത്തിന് അര്‍ഹതയുള്ളതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പട്ടയം ലഭിക്കാത്തതുമായ ആളുകളുടെ പട്ടിക പ്രത്യേകം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പട്ടിക തയ്യാറായാല്‍ അദാലത്ത് മാതൃകയില്‍ പട്ടയം മിഷന്‍ വഴി നടപടികള്‍ സ്വീകരിക്കും. വനഭൂമി, ആദിവാസി പട്ടയങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് വിവിധ വകുപ്പുകളുടെ കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. ഭൂമി ലഭ്യമാക്കുന്നതിന് പൊതുവായ പദ്ധതികള്‍ നടപ്പാക്കുന്നതിനോടൊപ്പം തന്നെ പ്രത്യേക ശ്രദ്ധവേണ്ട വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍കൂടി ഇതിനോടൊപ്പം നടപ്പിലാക്കും. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഏഴായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കി. ശേഷിക്കുന്നവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.