ഷിരൂര്‍: കര്‍ണ്ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട സമ്മര്‍ദ്ദങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് അവസാനഘട്ട തിരച്ചില്‍ നടന്നത്. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. അതേ സമയം, ലോറിയുടെ ക്യാമ്പിനുള്ളില്‍ അര്‍ജുന്റെ മൃതദേഹമുണ്ടെന്നാണ് സംശയിക്കുന്നത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക് ലോറി കണ്ടെത്തിയിരിക്കുന്നത്.
വേലിയിറക്ക സമയത്താണ് ലോറിയുടെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തെത്തിച്ചത്. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തു.
ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുന് സഞ്ചരിച്ച ലോറിയടക്കം കാണാതാവുകയായിരുന്നു. ഗംഗാവലി പുഴയിലേക്ക് ആഴ്ന്നു പോയെന്ന സംശയത്തിന്റെ പേരിലാണ് തിരച്ചില്‍ നടത്തിയത്. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമായതോടെ കേരളസര്‍ക്കാറും ഇടപെട്ടാണ് തിരച്ചില്‍ തുടര്‍ന്നത്.