പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് അതിവൈകാരികമായാണ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയത്. പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു.
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് രാഷ്ട്രീയ വഞ്ചനയുടെ കഥകളാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നത് തെറ്റായ തീരുമാനങ്ങളാണെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
തനിക്ക് ഒരിക്കലും ഇതു പോലെ വന്നിരിക്കേണ്ടി വരുമെന്ന് കരുതിയതല്ല. വലിയ വിഷമത്തോടെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍ സരിന്‍ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അതിന് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞു. തന്റെ നാട്ടിലെ സാധാരണ കോണ്‍ഗ്രസുകാരോട് ക്ഷമ ചോദിക്കുന്നു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണെന്നും ഷാനിബ് പറഞ്ഞു.