മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് നടപ്പാക്കുന്ന സീ പ്ലെയിന്‍ പദ്ധതി സാധാരണക്കാര്‍ക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സീപ്ലെയിന്‍ പദ്ധതി വിനോദസഞ്ചാര മേഖലയുടെ കുതിപ്പിന് ശക്തി വര്‍ധിപ്പിക്കും. വാട്ടര്‍ മെട്രോ പോലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ഇനിയും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താത്ത നിരവധി ടൂറിസം കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് കേരളത്തിന്റെ ജനസാന്ദ്രത. വീതിയുള്ള റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഭൂമിയുടെ ലഭ്യത പ്രധാന തടസമാണ്. മികച്ച റോഡുകള്‍ ഒരുക്കുന്നതിനൊപ്പം മറ്റു മാര്‍ഗങ്ങള്‍ തേടാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ദേശീയപാത 66, മലയോരപാത, തീരദേശപാത എന്നിവയൊക്കെ ആശ്വാസമാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സീപ്ലെയിന്‍ പോലുളള പദ്ധതികളും പ്രയോജനപ്പെടുത്തണം.
പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക പദ്ധതി വിനോദ സഞ്ചാര വകുപ്പ് തയാറാക്കിയിട്ടുണ്ട്. കേരളത്തില്‍ നാല് പ്രധാന വിമാനത്താവളങ്ങളാണുള്ളത്. കേരളത്തിലെ നിരവധി ഡാമുകളും കായലുകളും പദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയും. എല്ലാ ജനവിഭാഗങ്ങളെയും യോജിപ്പിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയും വേണ്ട. പദ്ധതി ജനകീയമായി നടപ്പാക്കും. സീപ്ലെയ്9 ഉപയോഗിക്കാന്‍ കേരളത്തിന്റെ വിവിധ മേഖലകളിലുള്ള സാധാരണ ജനങ്ങള്‍ക്ക് കൂടി അവസരം ലഭിക്കുന്ന വിധത്തില്‍ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. പരീക്ഷണപ്പറക്കലിന് ശേഷം അടുത്ത നടപടി വൈകാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.