ആലപ്പുഴ: നവജാത ശിശുവിന് അസാധാരണമായ വൈകല്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി കുടുംബം. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച വിവരങ്ങളൊന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നില്ല എന്നാണ് അമ്മയുടെ പരാതി.
കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല, വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല, തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം, ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം, കൈക്കും കാലിനും വളവ്, ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും എന്നിങ്ങനെ അസാധാരണമായ വൈകല്യങ്ങളാണ് കുട്ടിയല്‍ കണ്ടത്. ഇക്കാര്യം ചൂണ്ടികാട്ടി കുഞ്ഞിന്റെ അമ്മയായ ലജനത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ സുറുമി (34) മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.
സുറുമിയുടെ മൂന്നാമത്തെ പ്രസവമാണ്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത് ഗര്‍ഭിണിയായതു മുതല്‍ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് തൊട്ട് മുമ്പാണ് കുഞ്ഞിന് അംഗവൈകല്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ടിനു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ വ്യക്തമായത്. സംഭവത്തില്‍ ആരോഗ്യമന്ത്രി, ഡിഎംഒ, എസ്പി. എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.