Newsperseconds.com

‘ആനക്ക് ഞങ്ങളുടെ മണം കിട്ടിയിരുന്നു, പാറയുടെ മുകളില്‍ ഇരുന്ന് രാത്രി പകലാക്കി’; പതിനാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടമ്പുഴ വനത്തില്‍ അകപ്പെട്ട മൂന്ന് സ്ത്രീകളേയും കണ്ടെത്തി

Untitled 1

കോതമംഗലം കുട്ടമ്പുഴ വനത്തില്‍ പശുവിനെ തിരഞ്ഞ് പോയി വഴി തെറ്റിയ സ്ത്രീകള്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചു. പതിനാല് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൂന്ന് സ്ത്രീകളേയും വനപാലകര്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. സ്ത്രീകളുടെ ആരോഗ്യനില സംബന്ധിച്ച പ്രശ്‌നങ്ങളൊന്നുമില്ല.

ബുധനാഴ്ച്ചയോടെ കാണാതായ പശുവിനേയും തേടി മൂന്ന് പേരും ഇന്നലെ ഉച്ചയോടെയാണ് കാട്ടിലേക്ക് പോയത്. മാളേക്കുടി മായാ ജയന്‍, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് ഇന്നലെ കാണാതായത്. മൂന്ന് പേരില്‍ പാറുകുട്ടിയ്ക്ക് മാത്രമായിരുന്നു വനത്തില്‍ പോയി പരിചയമുണ്ടായിരുന്നത്. പശുവിനെ തിരഞ്ഞ് പോയതോടെ മൂന്ന് പേരും വഴി മാറി ഉള്‍വനത്തില്‍ അകപ്പെടുകയായിരുന്നു. ആനക്കൂട്ടങ്ങള്‍ താമസിക്കുന്ന ഇടത്തേക്കാണ് മൂന്ന് പേരും വഴിമാറി എത്തിപ്പെട്ടത്. കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോണ്‍ ഓഫായിരുന്നു.

ആനക്ക് കയറി വരാന്‍ പറ്റാത്ത പാറയ്ക്ക് മുകളിലാണ് മൂന്ന് പേരും അതിജീവിച്ചതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘രാത്രി മുഴുവന്‍ പാറപുറത്താണ് കഴിച്ചുകൂട്ടിയത്. തൊട്ടടുത്തുള്ള ആളെ പോലും കാണാത്ത വിധത്തില്‍ കൂരിരുട്ട് ആയിരുന്നു. ഉറങ്ങാന്‍ സാധിച്ചില്ല. ഇരുന്നും കിടന്നുമാണ് ഞങ്ങള്‍ നേരം വെളുപ്പിച്ചത്. ദൈവമാണ് ആ പാറയുടെ അടുത്ത് കൊണ്ടെത്തിച്ചത്. കാടിനെ കുറിച്ച് നന്നായി അറിയാം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം ഉണ്ടായത്. ആനകള്‍ വലിയ രീതിയില്‍ വഴി തെളിയിച്ച് വെച്ചിരിക്കുകയാണ്. അതാണ് മുന്നോട്ട് പോകാന്‍ കാരണമായത്. പോകുന്ന വഴിയില്‍ കാട്ടാനയെ കണ്ടു ഭയന്നിരുന്നു. ആനയ്ക്ക് ഞങ്ങളുടെ മണം കിട്ടിയെന്നാണ് തോന്നിയത്. ആന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നപ്പോള്‍ ഞങ്ങള്‍ ഓടി മരത്തിന് പിന്നില്‍ ഒളിച്ചു. കൂടെയുള്ളവരോട് കൈകൊണ്ട് ശബ്ദം ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു. ആന പോയതിന് പിന്നാലെ പാറ പുറത്ത് കയറി. രാത്രി മുഴുവന്‍ അവിടെയായിരുന്നുവെന്നും പാറുക്കുട്ടി പറഞ്ഞു.

രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വനപാലകര്‍ പൊട്ടിച്ച ഗുണ്ടിന്റെ ശബ്ദമെല്ലാം കേട്ടിരുന്നുവെന്നും എന്നാല്‍ വേട്ടയ്ക്ക് ഇറങ്ങിയവരാണെന്ന് കരുതി ഭയന്ന് മിണ്ടാതെ ഇരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. പകല്‍ വെളിച്ചം കണ്ടപ്പോള്‍ പാറയില്‍ നിന്നിറങ്ങി തിരികെ വരുന്ന വഴിയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനപാലകരെ കണ്ടുമുട്ടിയത്. നടക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്നല്ലാതെ മറ്റ് ശാരീരിക ബുദ്ധിുമുട്ടുകളൊന്നും നിലവില്‍ ഇല്ലായെന്നും അവര്‍ പറഞ്ഞു.

Share this Article

Leave a Comment