കണ്ണൂര്‍: ബിജെപി വിട്ട് കോണ്‍ഗ്രസ് സ്വീകരിച്ച സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രവാക്യങ്ങളുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോട് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് സന്ദീപിനെതിരെ കൊലവിളി മുദ്രാവാക്യമുയര്‍ന്നത്. സന്ദീപ് ഒറ്റുകാരനാണെന്നും മുപ്പതുവെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്തെന്നും മുദ്രാവാക്യത്തിലുണ്ട്. ‘ഒറ്റുകാരാ സന്ദീപേ പാലക്കാട് പട്ടാപ്പകല്‍ എടുത്തോളാം’ എന്നും മുദ്രാവാക്യത്തില്‍ ഉയര്‍ന്നു. അഴിക്കോട് നഗരത്തിലായിരുന്നു സംഭവം.
ഭീഷണിക്ക് പിന്നാലെ സന്ദീപ് വാര്യര്‍ പ്രതികരണവുമായി രംഗത്തെത്തി. അസഹിഷ്ണുതയുടെ , വെറുപ്പിന്റെ കൂടാരമായി മാറിയ നിങ്ങളില്‍ നിന്ന് അകന്നു നടക്കാന്‍ തീരുമാനിച്ചത് ശരിയായിരുന്നു എന്ന് നിങ്ങള്‍ തന്നെ വീണ്ടും വീണ്ടും എന്നെ ബോധ്യപ്പെടുത്തുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചു തന്നെയാണ് ഇരിക്കുന്നത്. ഭയമില്ല. ഒറ്റുകാരും കൂടെ നിന്ന് ചതിക്കുന്നവരും ബിജെപി ഓഫീസിന് അകത്താണ് ഇരിക്കുന്നത് എന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ കാണിച്ച ആത്മാര്‍ത്ഥതയുടെ നൂറില്‍ ഒരംശം ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ കേരളത്തിലെ 13 ജില്ലയിലും കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ റാലി നടക്കേണ്ടതായിരുന്നു. നിങ്ങള്‍ക്കിപ്പോള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ പോലും കണ്ണൂരില്‍ മാത്രം ഒതുക്കേണ്ട പേരായല്ലോ. ബാക്കിയുള്ള ജില്ലകളില്‍ പാര്‍ട്ടി ആപ്പീസിനകത്ത് പേരിനൊരു പുഷ്പാര്‍ച്ചന. ജയകൃഷ്ണനെ വെട്ടിയരിഞ്ഞ സിപിഎമ്മുമായി കേരളത്തില്‍ നാണമില്ലാതെ സഖ്യം ചേര്‍ന്ന ബിജെപി നേതൃത്വത്തെ ചോദ്യംചെയ്യാന്‍, സകല കേസുകളില്‍ നിന്നും വാടിക്കല്‍ രാമകൃഷ്ണന്റെ കൊലയാളിയായ പിണറായി വിജയനെ രക്ഷിച്ചെടുക്കുന്ന ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ നട്ടെല്ല് നിവര്‍ത്തി എതിര്‍ക്കാന്‍ തന്റേടം ഉള്ള ഒരുത്തന്‍ പോലും നിങ്ങള്‍ക്കിടയില്‍ ഇല്ലല്ലോയെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.