കേരളത്തിലെ മറ്റൊരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമായി കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി. സംരഭകരായ ദുബായ് ടീകോമിന് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയച്ചതിനെ തുടര്‍ന്ന് ഭൂമി മടക്കിയെടുക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് കൈമാറിയ 246 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. 2011 ഫെബ്രുവരി 2 ന് കേരള സര്‍ക്കാരും ദുബായി കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന് ഇതുവരെ ആയിട്ടും ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആയിട്ടില്ല. ഐടി രംഗത്ത് കേരളത്തിന്റെ പ്രതീക്ഷയായിരുന്നു സ്മാര്‍ട്ട് സിറ്റി പദ്ധതി.
2011 ല്‍ സ്മാര്‍ട്ട് സിറ്റി സംയുക്ത കമ്പനി പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളുടെ അഞ്ചു ശതമാനം പോലും ഇതുവരെ നടപ്പായിട്ടില്ല. ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. പദ്ധതിയുമായി ഓരോ ഘട്ടത്തിലും വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കൊച്ചിയിലെ കാക്കനാട് സര്‍ക്കാര്‍ അക്വയര്‍ ചെയ്ത സ്ഥലത്തെ 246 ഏക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് കുത്തക പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സര്‍ക്കാരിന് സംയുക്ത സംരംഭത്തില്‍ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചത്. പ്രവര്‍ത്തനം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയെ സര്‍ക്കാര്‍ അധീനതയിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രായോഗികമല്ല. 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിയ്ക്ക് ഭീമമായ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കാനാവൂ. എന്നാല്‍ ഒരു നിയമപോരാട്ടത്തിന് നിന്നാല്‍ അതിന്റെ അവസാനം എപ്പോഴെന്ന് പ്രവചനാതീതമല്ല. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചതല്ലാതെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു വ്യക്തതയുമില്ല.
കാക്കനാട്ടെ സര്‍ക്കാരിന്റെ ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാക്കാനുള്ള ആദ്യ തീരുമാനം മാധ്യമ പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റിയത്. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഘട്ടം ഘട്ടമായി വികസിപ്പിച്ചെങ്കിലും സ്മാര്‍ട്ട് സിറ്റി വന്നതോടെ കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ വികസനം സര്‍ക്കാര്‍ ബോധപൂര്‍വം മരവിപ്പിക്കുകയാണുണ്ടായത്. 16 ശതമാനം മാത്രം ഓഹരി പങ്കാളിത്തമുള്ള കേരള സര്‍ക്കാരിന് സ്മാര്‍ട്ട് സിറ്റി ഭരണ സമിതിയില്‍ വേണ്ടത്ര നിയന്ത്രണാധികാരമില്ല. ടീകോം കമ്പനിയുടെയും മാതൃകമ്പനിയായ ദുബായ് ഹോള്‍ഡിംഗ്‌സിന്റെയും ഉടമസ്ഥതയിലും നേതൃത്വത്തിലും ഇതിനകം മാറ്റമുണ്ടായിട്ടുണ്ട്. 246 ഏക്കര്‍ സ്ഥലത്ത് എങ്ങുമെത്താതെ കിടക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി ഇനി സ്വപ്‌നങ്ങളില്‍ മാത്രം അവശേഷിക്കുന്നുമെന്നാണ് കേരള ജനത പറയുന്നത്.