മകള്‍ക്ക് നീതി ലഭിച്ചുവെന്ന് ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ. സർക്കാർ, പൊലീസ്, കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒപ്പം നിന്നുവെന്നും ആലുവയിലെ അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ. ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് പ്രത്യേക പോക്സോ കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതികരണം. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി വന്നിരിക്കുന്നത്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷയും വിധിച്ചത്.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനിടെ പ്രതിക്ക് മനസ്ഥാപം ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. നേരത്തെ ഡല്‍ഹിയിലും പ്രതിസമാനമായ കുറ്റകൃത്യം നടത്തിയിരുന്നു എന്നതും കോടതി നിരീക്ഷിച്ചു.