മണ്ഡല മകരവിളക്ക് മഹോത്സവത്തെ വരവേൽക്കാൻ ശബരിമല. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഈ സീസണിൽ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീർത്ഥാടകർക്ക് അറിയുന്നതിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വിഡിയോ വാളും സജ്ജമാക്കും. വൃശ്ചികം ഒന്നു മുതൽ രണ്ടുമാസക്കാലം ശബരിമല ശരണം മന്ത്രങ്ങളാൽ മുഖരിതമാകും. നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം.നവംബർ 16ന് നട തുറക്കും.
മണ്ഡലകാലത്തിന്മു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടത്തിയ യോഗങ്ങൾ അടക്കം ആറു ഉന്നതതല യോഗങ്ങളാണ് ഇക്കുറി ഉണ്ടായതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവർത്തനങ്ങളിൽ തിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനത്തിലും ഇക്കുറി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വേതനം 550ഉം യാത്രാബത്ത1000യുമാക്കി. ഇ- കാണിക്ക കൂടുതൽ സമഗ്രമാക്കിയി. പമ്പയിലെ ട്രാൻ. ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് മകര വിളക്ക് വരെ അധിക സർവീസുകളും കെ എസ് ആർ ടി സി നടത്തും.
ഐസിയു സൗകര്യങ്ങളുൾപ്പെടെ പമ്പയിൽ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുമുണ്ട്. പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തിര ചികിൽസാ കേന്ദ്രങ്ങളുമുണ്ട്. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം , പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും തീർത്ഥാടകർക്കായി പ്രത്യേക സംവിധാനങ്ങളുണ്ട്.
ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ താൽക്കാലിക തടയണ നിർമ്മിച്ചു. പരമ്പരാഗത പാതകളും വൃത്തിയാക്കി. ഇതിനു പുറമെ വനാശ്രീതരായ പട്ടികവർഗക്കാരിൽ നിന്ന് നിയമിക്കപ്പെട്ടവരിൽപ്പെടുന്ന 75 വനപാലകരുടെ സേവനവും ലഭ്യമാകുമെന്ന്മന്ത്രി കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
നിലയ്ക്കൽ പാർക്കിങ്ങ് ഗ്രൗണ്ട് ടൈൽ വിരിച്ച് വൃത്തിയാക്കി. പാർക്കിക്കിന് ഫാസ്ടാഗും ഏർപ്പെടുത്തി. സ്വാമി പ്രസാദം ഇന്ത്യയിലെവിടെയും എത്തിക്കുന്നതിനും സൗകര്യമൊരുക്കി. രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തിൽ ശബരിമല തീർത്ഥാടനത്തെ മാറ്റിത്തീർക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.