Newsperseconds.com

കാരിരുമ്പിന്റെ കരുത്തോടെ സിപിഐ എന്ന പാര്‍ട്ടിയുടെ നെറുകയിലെത്തി; നിലപാടുകളില്‍ ഉറച്ചു നിന്നു; കാനം രാജേന്ദ്രന് ന്യൂസ് പെര്‍ സെക്കന്റ്‌സിന്റെ ആദരാഞ്ജലികള്‍

Capture

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന് വിട. നിലപാടുകളുടെ കാര്‍ക്കശ്യക്കാരനായ കാനം എ.ഐ.എസ്.എഫിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തിയത്. പിന്നീട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകനായ അദ്ദേഹം 1970ല്‍ സംസ്ഥാന സെക്രട്ടറിയായി. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢിയും സി.കെ. ചന്ദ്രനും എ.ഐ.വൈ.എഫ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോള്‍ കാനമായിരുന്നു കേരളത്തിലെ പ്രമുഖ നേതാവ്.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ വി.കെ. പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10-ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.

21ാം വയസ്സില്‍ സിപിഐ അംഗമായി. 26ാം വയസ്സില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും വാഴൂരില്‍ നിന്ന് നിയമസഭാംഗം. നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ 13 ജില്ലകളും പിന്തുണച്ചത് കാനം രാജേന്ദ്രനെ ആയിരുന്നു. എന്നാല്‍, കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിര്‍ദേശിച്ചതോടെ തര്‍ക്കമായി. ഒടുവില്‍ പന്ന്യന്‍ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യന്‍ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത്.

സ്വന്തം നിലപാടുകളില്‍ ഉറച്ച് നിന്ന് കാരിരുമ്പിന്റെ കരുത്തോടെ സിപിഐ എന്ന പാര്‍ട്ടിയുടെ നെറുകയിലേക്ക് കയറി വന്ന ആളാണ് കാനം രാജേന്ദ്രന്‍. സിപി ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം കാനം രാജേന്ദ്രന്‍ തുടരുന്നതില്‍ ജനറല്‍ സെക്രട്ടറിയായ ഡി. രാജ ഒരുപാട് എതിര്‍ത്തിരുന്നു. എന്നാല്‍ അതേ രാജയെകൊണ്ട് തന്നെ തന്റെ കൈ പിടിച്ച് ഉയര്‍ത്തിച്ച് സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മൂന്നാം വട്ടവും അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.

യുവജനരംഗത്തു നിന്നു നേരിട്ട് തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനങ്ങളിലാണ് കാനം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. തൊഴിലാളി മേഖലയിലെ സമ്പത്ത് അദ്ദേഹത്തെ കൂടുതല്‍ കരുത്തുറ്റവനാക്കി. 1970 ലാണ് കേരള സ്‌റ്റേറ്റ് ട്രേഡ് യൂനിയന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അദ്ദേഹം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തി. ഈ സമയത്താണ് അസംഘടിത മേഖല, പുത്തന്‍തലമുറ ബാങ്കുകള്‍, ഐടി സ്ഥാപനങ്ങള്‍, സിനിമ മേഖല തുടങ്ങിയവയില്‍ ഉള്‍പ്പെടെ പുതിയ യൂണിയനുകള്‍ ഉണ്ടാക്കിയത്.

2012 ലാണ് സി.പി.ഐ.യുടെ മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ മരണമടഞ്ഞത്. മാസങ്ങളോളം പ്രോസ്ട്രേറ്റ് അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ചന്ദ്രപ്പന്‍ 2012 മാര്‍ച്ച് 22-ന് തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. പ്രമേഹരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് സഖാവ് കാനം രാജേന്ദ്രനും മരണമടഞ്ഞത്. സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറി കസേര ഇനിയാര് വാഴുമെന്ന ചോദ്യവും ബാക്കിനില്‍ക്കുകയാണ്. നിലാപാടുകളുടെ കാര്‍ക്കശ്യകാരന്‍ ന്യൂസ്പെര്‍ സെക്കന്റ്‌സിന്റെ ആദരാഞ്ജലികള്‍.

 

Share this Article

Leave a Comment