കൊച്ചി: വൈപ്പിനില്‍ നടന്ന നവകേരള സദസ്സിന്റെ വേദിയില്‍ മുഖ്യമന്ത്രിയോടൊപ്പം കൈ വീശി അഭിവാദ്യങ്ങള്‍ അറിയിക്കുന്ന റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇടത് മുന്നണിയില്‍ വിവാദമാകുന്നു. ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനത്ത് ഒരുക്കിയ നവകേരള വേദിയില്‍ നിന്നെടുത്ത ചിത്രമാണ് ചര്‍ച്ചയാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിയുടേയും നടുവില്‍ നായകപരിവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് മന്ത്രി കെ. രാജന്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്. നവകേരള സദസിന്റെ നായകന്‍ മന്ത്രി കെ രാജനെന്ന പ്രതീതിയാണ് ചിത്രത്തിലൂടെ ആളുകളിലേക്ക് എത്തുന്നത്. മുഖ്യമന്ത്രി തൊട്ട് അടുത്ത് നിന്നിട്ടും എന്തു കെണ്ടാണ് ക്യാമറമാന്‍ മന്ത്രി രാജനെ ഫോക്കസ് ചെയ്തതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പിണറായി വിജയനെ നിഷ്പ്രഭമാക്കി കൊണ്ടുള്ള ഒരു ചിത്രം തന്നെയാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമായത്.
അതേ സമയം, നവകേരള സദസിന്റെ വേദികളില്‍ സജ്ജീവമാവുകയാണ് മന്ത്രി കെ.രാജന്‍. സദസ് കേരളത്തിന്റെ മനസ് കീഴടക്കുമെന്നും മന്ത്രിസഭയാകെ അധാര്‍മികതക്ക് വിധേയമായി യാത്ര ചെയ്യുകയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഏഴര വര്‍ഷത്തെ വികസനം പറയുമെന്നും പുറത്തു വരുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമില്ലെന്നും നവകേരള സദസില്‍ കെ രാജന്‍ വ്യക്തമാക്കി.