കോഴിക്കോട്: ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഷബ്‌നയുടെ മരണത്തില്‍ പ്രതികളെ പിടികൂടാനാവാതെ പോലീസ്. ഷബ്‌നയുടെ ആത്മഹത്യയില്‍ ഭര്‍ത്താവായ ഹബീബിന്റെ ബന്ധുക്കള്‍ക്കും ബന്ധമുണ്ടെന്ന് ഷബ്‌നയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു. ഷബ്‌ന ഫോണിലെടുത്ത വീഡിയോയില്‍ ചീത്ത വീളിക്കുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ വ്യക്തവുമാണ്.
എന്നാല്‍, ഷബ്‌നയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ പിന്നീട് മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ ഷബ്‌നയുടെ വീട്ടുകാര്‍ പ്രതിഷേധം നടത്തുകയായിരുന്നു.
ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. എന്നാല്‍ ഒളിവില്‍ പോയ മൂന്ന് പേരെയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ ഭാഗത്ത് ഗുരുതര പിഴവ് വന്നിട്ടുണ്ടെന്നാണ് ഷബ്‌നയുടെ കുടുംബം ആരോപിക്കുന്നത്.