താനൂർ കസ്റ്റഡി മരണത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിൽ കേന്ദ്ര ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലാകും പരിശോധന നടത്തുക.
ഇന്ന് ഉച്ചയ്ക്കു ശേഷം താനൂർ ദേവധാർ പാലത്തിനു താഴെ എത്തിയും ഫോറൻസിക് സംഘം ശാസ്ത്രീയ വിവരശേഖരണം നടത്തും. കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഹൈദരാബാദിൽ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.
താമിർ ജിഫ്രി അടങ്ങുന്ന യുവാക്കളെ ചേളാരിയിലെ വാടകമുറിയിൽ നിന്ന് ആണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തത്.
ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്നാണ് മൊഴി. ഈ സാഹചര്യത്തിൽ ഇന്നലെ ക്വാർട്ടേഴ്സിൽ പരിശോധന നടത്തിയിരുന്നു. 2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്.