ന്യൂഡല്‍ഹി: കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രതിഷേധിച്ച കര്‍ഷകര്‍ ബാരിക്കേഡുകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഹരിയാന പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കനത്ത സുരക്ഷയ്ക്കിടയില്‍ കര്‍ഷക സംഘടനകള്‍ ‘ദില്ലി ചലോ’ മാര്‍ച്ച് ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഹരിയാന പോലീസ് അതിര്‍ത്തിയില്‍ നിരവധി കര്‍ഷകരെ തടഞ്ഞുവയ്ക്കുകയും അവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാര്‍ച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കര്‍ഷകരോട് ഇതുമായി ബന്ധപ്പെട്ട് പോലീസ് സംസാരിച്ചിരുന്നു. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാനുള്ള നിലപാട് ശക്തമാക്കിയതിനു പിന്നാലെയാണ് ശംഭുവില്‍ പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് എത്തിയത്.
നിലവില്‍ പ്രദേശത്ത് സാഹചര്യം മോശമാണ്. രാവിലെ പഞ്ചാബില്‍ നിന്നാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ട്രാക്ക്ടറില്‍ ആറുമാസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പടെയാണ് കര്‍ഷകര്‍ മാര്‍ച്ചിന് എത്തിയത്. കര്‍ഷക യൂണിയന്‍ നേതാക്കളും കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും അര്‍ജുന്‍ മുണ്ടയും തമ്മില്‍ ഇന്നലെ വൈകിട്ട് നടന്ന നിര്‍ണായക ചര്‍ച്ചയുടെ രണ്ടാം വട്ട ചര്‍ച്ച സ്തംഭനാവസ്ഥയില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് തുടരാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചത്.