ജമ്മു കശ്മീരില്‍, അതിര്‍ത്തി ജില്ലയായ പൂഞ്ച് ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അഞ്ച് ഐഎഎഫ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ വീരമൃത്യു വരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ആറ് പ്രദേശവാസികളെ ചോദ്യം ചെയ്യുന്നതിനായി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഈ പ്രദേശവാസികള്‍ ആക്രമണത്തില്‍ ഭീകരരെ സഹായിച്ചതായി സംശയിക്കുന്നുണ്ട്.
പൂഞ്ച് ജില്ലയിലെ സുരന്‍കോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങള്‍ നീങ്ങുമ്പോള്‍ ശശിധര്‍ വനമേഖലയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യോമസേനയുടെ വാഹനത്തിന് നേരെ ഭീകരര്‍ 30 റൗണ്ട് വെടിയുതിര്‍ത്തു. പ്രാദേശിക രാഷ്ട്രീയ റൈഫിള്‍സ് ആര്‍മി യൂണിറ്റുകളുടെ കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷനുകള്‍ പ്രദേശത്ത് നിലവില്‍ നടക്കുന്നു, ഐഎഎഫ് കോണ്വോയ്ക്കെതിരായ ആക്രമണത്തിന് പിന്നിലെ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന് ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.