ന്യൂഡല്‍ഹി: ഇടക്കാല ജാമ്യത്തില്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തിരികൊളുത്തും. തന്റെ ആദ്യ പ്രതികരണത്തില്‍, അദ്ദേഹം ഹനുമാനോട് നന്ദി പറയുകയും സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ തേടുകയും ചെയ്തു. അദ്ദേഹം ഇന്ന് തെക്കന്‍ ഡല്‍ഹിയില്‍ റോഡ് ഷോ നടത്തും. പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരേ രുക്ഷ വിമര്‍ശനം ഉയര്‍ത്തിയാകും പ്രചാരണം. ഉച്ചയ്ക്കാണ് കെജ്രിവാളിന്റെ വാര്‍ത്ത സമ്മേളനം. ജൂണ്‍ 1 വരെ ജാമ്യം അനുവദിച്ചതിന് സുപ്രീം കോടതിയോട് അരവിന്ദ് കെജ്രിവാള്‍ നന്ദി പറഞ്ഞു. ഇന്ന് സൗത്ത് ഡല്‍ഹിയിലെ മെഹ്റൗളിയില്‍ നടക്കുന്ന റോഡ്ഷോയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജയിലില്‍ കിടന്നതിന് ശേഷം അരവിന്ദ് കെജ്രിവാളിന്റെ ആദ്യ രാഷ്ട്രീയ ഇടപെടലാണ് റോഡ്‌ഷോ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും റോഡ് ഷോയില്‍ പങ്കെടുക്കും.
അതേ സമയം, അരവിന്ദ് കെജ്രിവാളിന്റെ ഓഫീസോ ഡല്‍ഹി സെക്രട്ടേറിയേറ്റോ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമുള്ള ഫയലുകളില്‍ ഒപ്പിടാന്‍ പോലും അരവിന്ദ് കെജ്രിവാളിന് കഴിയില്ല. അദ്ദേഹത്തിന്റെ ഓഫീസും ഡല്‍ഹി സെക്രട്ടേറിയറ്റും സന്ദര്‍ശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുന്നതിന് പുറമെ, ഡല്‍ഹി എക്‌സൈസ് പോളിസി കേസില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് ഒരു അഭിപ്രായവും പറയരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ തന്റെ അനുയായികളെ ക്ഷണിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ മോചനത്തെ എഎപി നേതാക്കള്‍ അഭിനന്ദിച്ചു. ‘സത്യത്തെ കുഴപ്പത്തിലാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഏകാധിപത്യം അവസാനിക്കും. സത്യമേവ ജയതേ,’ എംപി സഞ്ജയ് സിംഗ് പറഞ്ഞു.
അതേസമയം എക്‌സൈസ് അഴിമതി രാജ്യത്തെ ജനങ്ങള്‍ തന്നെ ഓര്‍മിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ഇത് സ്ഥിരം ജാമ്യമല്ല, ഇടക്കാല ജാമ്യമാണ്, പ്രചാരണം നടത്താം എന്നാല്‍ ഓരോ തവണ പ്രചാരണത്തിന് പോകുമ്പോഴും എക്‌സൈസ് തട്ടിപ്പ് ജനങ്ങള്‍ ഓര്‍മ്മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ മോചനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഭര്‍ത്താവിന്റെ അഭാവത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്ന ഭാര്യ സുനിത കെജ്രിവാള്‍ പറഞ്ഞു. ‘ഹനുമാന്‍ ജി കീ ജയ്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയുടെയും അനുഗ്രഹത്തിന്റെയും ഫലമാണിത്. എല്ലാവര്‍ക്കും ഒരുപാട് നന്ദി,’ അവര്‍ എക്സില്‍ കുറിച്ചു. കെജ്രിവാളിന്റെ മടങ്ങി വരവില്‍ ബിജെപി പ്രതിരോധത്തിലാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരന്തരം പ്രതിഷേധവും വിമര്‍ശനവും ഉയര്‍ത്തുന്നതിന് ഇടയിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ജൂണ്‍ ഒന്നുവരെയാണ് ജാമ്യം നല്‍കിയത്.