പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാന സന്ദര്‍ശനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മോദി നടത്തുന്നത് പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനാണ് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള ധ്യാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അത് കൊണ്ട് തന്നെ ഇത് സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 30 ന് കന്യാകുമാരി സന്ദര്‍ശിക്കുകയും കടലിലെ വിവേകാനന്ദ റോക്ക് സ്മാരകത്തില്‍ ധ്യാനിക്കുന്നതിനായി 2 ദിവസം അവിടെ തങ്ങുകയും ചെയ്യും. വിവേകാനനന്ദ പാറയില്‍ ഒരുദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനമാണ് അദ്ദേഹം അനുഷ്ഠിക്കുക. തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് മടങ്ങുമെന്നാണ് സൂചന.
കേരളത്തിലെ തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.55 ന് കന്യാകുമാരിയില്‍ എത്തുന്ന മോദി അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും. സന്ദര്‍ശന ഭാഗമായി എട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ അടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ കന്യാകുമാരിയില്‍ സന്ദര്‍ശക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019ല്‍ കേദാര്‍നാഥിലെ ഗുഹയില്‍ നരേന്ദ്ര മോദി ധ്യാനം അനുഷ്ഠിച്ചിരുന്നു. രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയമാണ് ഇത്തവണ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.