ന്യൂഡല്‍ഹി: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നരേന്ദ്രമോദിയെ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരുന്നു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിച്ചത്. ജൂണ്‍ 9-ന് വൈകുന്നേരം 6 മണിക്ക് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും സത്യപ്രതിജ്ഞാ ചടങ്ങിന് അനുയോജ്യമായ സമയത്തിന്റെ വിശദാംശങ്ങള്‍ തേടിയെന്നും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പറഞ്ഞു. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.