Newsperseconds.com

ലോക്സഭാ സ്പീക്കറായി വീണ്ടും ഓം ബിര്‍ളയെ തിരഞ്ഞെടുത്തു

Capture

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 18-ാം ലോക്സഭയുടെ സ്പീക്കറായി എന്‍ഡിഎയുടെ നോമിനി ഓം ബിര്‍ള ബുധനാഴ്ച ശബ്ദവോട്ടോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഓം ബിര്‍ള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു.

രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് മൂന്ന് തവണ ബിജെപി എംപിയായ ബിര്‍ള മുന്‍ സഭയുടെ സ്പീക്കറും ആയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗാന്ധി ഹസ്തദാനം നല്‍കി. തുടര്‍ന്ന് ഇരു നേതാക്കളും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും ചേര്‍ന്ന് ബിര്‍ളയെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.

അതേ സമയം, പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്.

Share this Article

Leave a Comment