കൊച്ചി: ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുക്കുന്ന അപേക്ഷകരുടെ ക്രെഡിറ്റ് റേറ്റിംഗ് പുതുക്കി നല്‍കാതിരിക്കുന്നത് ഇടപാടുകാരുടെ സല്‍പ്പേരിനെ ബാധിക്കുമെന്ന് ഹൈക്കോടതി. അതുകൊണ്ട് വായ്പ അടച്ചുതീര്‍ത്താല്‍ റേറ്റിംഗ് (സിബില്‍ സ്‌കോര്‍) നിര്‍ബന്ധമായും തിരുത്തി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രെഡിറ്റ് റേറ്റിംഗ് വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ അന്തസിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
നിര്‍ബന്ധമായും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നല്‍കണം. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് നിയമപ്രകാരം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ സംബന്ധിച്ച പുതുക്കിയ വിവരം സമാഹരിക്കണം. ധനസ്ഥാപനങ്ങള്‍ വായ്പയുടെ വിവരങ്ങള്‍ കൈമാറണമെന്നും ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ക്രെഡിറ്റ് റിപ്പോര്‍ട്ട് പുതുക്കേണ്ടതാണെന്നുമാണ് നിയമം അനുശാസിക്കുന്നത്.
ധനസ്ഥാപനങ്ങളില്‍ നിന്നുള്ള അഭിപ്രായമെടുത്ത് ക്രെഡിറ്റ് റേറ്റിംഗ് തിരുത്താന്‍ വായ്പക്കാരുടെ ഹര്‍ജികളില്‍ സിംഗിള്‍ ബെഞ്ച് നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ മുംബൈ ആസ്ഥാനമായുള്ള ട്രാന്‍സ്യൂണിയന്‍ സിബില്‍ കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ ധനസ്ഥാപനത്തില്‍നിന്ന് വിവരം സമാഹരിച്ച് റിപ്പോര്‍ട്ട് പുതുക്കാതിരുന്നാല്‍ വ്യക്തികളുടെ സല്‍പ്പേരിനെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. സിംഗിള്‍ ജഡ്ജിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നു വ്യക്തമാക്കിയാണ് അപ്പീല്‍ തള്ളിയത്.