ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന യാത്രക്കാര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കായി വന്‍തുക ഈടാക്കേണ്ടി വരുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്‌മേനോന്‍. ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരില്‍ നിന്ന് ഭക്ഷണത്തിനും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും അമിത വില ഈടാക്കുന്നവെന്ന പരാതി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു ചായക്ക് നൂറ് രൂപയും മസാലദോശക്ക് 600 രൂപ വരെ ഈടാക്കുന്ന എയര്‍പോര്‍ട്ടുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ റാം മോഹന്‍ നായിഡുവിന് രേഖാമൂലം പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റംസും സെക്യൂരിറ്റി ചെക്കും എമിഗ്രേഷനും കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ഹാളിലിരിക്കുമ്പോഴാണ് യാത്രക്കാര്‍ ഒരു ഗ്ലാസ്സ് ചായ കുടിച്ച് റിലാക്‌സ് ചെയ്യാമെന്ന് ചിന്തിക്കുന്നത്. എന്നാല്‍ പുറത്ത് പത്ത് രൂപക്ക് ലഭിക്കുന്ന ചായക്കും പലഹാരത്തിനുമെല്ലാം എയര്‍പോര്‍ട്ടിനുള്ളില്‍ വന്‍തുകയാണ് ഈടാക്കുന്നത്. ഏത് തരം ഭക്ഷണമായാലും വിപണിയിലെ സാധാരണ വിലയുടെ ഇരട്ടിയോ മൂന്ന് ഇരട്ടിയോ കൂടുതല്‍ ആയിരിക്കും എയര്‍പോര്‍ട്ടിനുള്ളില്‍ ഈടാക്കുന്നതെന്നും ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി. കൂടാതെ, പാര്‍ക്കിങ്ങിന് മിനിറ്റ് കണക്കിനാണ് യാത്രക്കാരുടെ കൂടെ വരുന്നവര്‍ ചാര്‍ജ് നല്‍കേണ്ടി വരുന്നത്. ഒരു കപ്പ് കാപ്പി മുതല്‍
ഒരു കുപ്പി വെള്ളത്തിന് വരെ കൊള്ള വിലയാണ് എയര്‍പോര്‍ട്ടുകളില്‍ ഈടാക്കുന്നതെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
യാത്രക്കാര്‍ക്ക് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ ആവശ്യമുള്ളപ്പോള്‍, എയര്‍പോര്‍ട്ടിനുള്ളിലെ ഉയര്‍ന്ന വിലയുള്ള ഭക്ഷണം വാങ്ങുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. സുരക്ഷാ കാരണങ്ങളാലും മറ്റ് പല കാരണങ്ങളാലും ഈ എയര്‍പോര്‍ട്ട് സ്റ്റോറുകളിലേക്കുള്ള സാധനങ്ങളുടെ വിതരണവും പരിമിതമാണ്. അത്തരത്തിലുള്ള അവസ്ഥ ചൂഷണം ചെയ്തു കൊണ്ട് യാത്രക്കാരെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയില്‍ ഉണ്ടാകുന്ന സൗകര്യങ്ങളും സേവനങ്ങളും എയര്‍പോര്‍ട്ടിലും ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അമിതവില ഈടാക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.