ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിലാണ് മുയിസു. ഇന്ത്യ സന്ദര്‍ശനം നടത്തുന്ന മാലിദ്വീപ് പ്രസിഡന്റ് ഡോ.മുഹമ്മദ് മുയിസുവിനെ സ്വീകരിച്ചത് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, സിവില്‍ സപ്ലൈസ് സഹമന്ത്രി നിമുബന്‍ ബംബാനിയ, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ ഒന്നിച്ചാണ്.
ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതും ഈ ബന്ധം പുരാതനകാലം മുതല്‍ തുടങ്ങിയതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദ്വീപിലെ ജനങ്ങളുടെ പുരോഗതിക്കും ക്ഷേമത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബെംഗളൂരുവില്‍ പുതിയ മാലിദ്വീപ് കോണ്‍സുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും നടത്തില്ലെന്നും ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും മുഹമ്മദ്ദ് മുയിസുവും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയിസു ഇന്ത്യയിലെത്തിയത്.