ഹൈദരാബാദ്: തെലങ്കാനയിലെ മുലുഗു ജില്ലയ്ക്ക് സമീപം 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു. പല സ്ഥലങ്ങളിലും ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്. ഭൂമികുലുക്കമുണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഓടി മാറുകയായിരുന്നു. വീടുകളിലെ ഉപകരണങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളും തെറിച്ചുവീണു. ബലക്ഷയമുള്ള കെട്ടിടങ്ങളില്‍ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തെലങ്കാനയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഖമ്മം, കരിംനഗര്‍, വാറംഗല്‍, ഹനംകൊണ്ട തുടങ്ങിയ ജില്ലകളിലും ഹൈദരാബാദിന്റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
അതേസമയം, ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഗോദാവരി നദീതീരമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തില്‍ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.