ദില്ലി: സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നത്തോട് കൂടി 17 ദിവസമായി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ട്. ഇന്നലെ രാതി പത്ത് മണിയോടെ തുരക്കല്‍ ഒന്നര മീറ്റര്‍ പിന്നിട്ടു. മറ്റ് പ്രതിസന്ധികള്‍ ഇല്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമം. സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തകര്‍ 50 മീറ്റര്‍ പിന്നിട്ടു. റാറ്റ്-ഹോള്‍ മൈനിംഗ് ടെക്‌നിക് ഉപയോഗിച്ച് 10 മീറ്ററോളം അവശിഷ്ടങ്ങള്‍ ഇനി കുഴിച്ചെടുക്കേണ്ടതുണ്ട്. 800മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആഗര്‍ മെഷീന്‍ തിരുകുമ്പോള്‍ റാറ്റ് ഹോള്‍ മൈനിംഗ് ടെക്‌നിക് ഉപയോഗിച്ച് വിദഗ്ധ തൊഴിലാളികളുടെ ഒരു സംഘം കൈകൊണ്ട് ചെളി നീക്കം ചെയ്യുകയാണ്.
തടസ്സങ്ങളൊന്നും നേരിട്ടില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്ന് ആഗര്‍ മെഷീന്‍ ഉപയോഗിച്ച് പൈപ്പുകള്‍ തള്ളുന്ന ട്രെഞ്ച്‌ലെസ് കമ്പനിയിലെ ഒരു തൊഴിലാളി പറഞ്ഞു. 17 ദിവസമായിട്ടും തൊഴിലാളികളെ പുറത്തെടുക്കാന്‍ കഴിയാതെ ആയപ്പോള്‍ പല വിവാദങ്ങളും ഉയര്‍ന്നു വന്നു. എന്നാല്‍, സ്ഥലത്തേക്ക് കൊണ്ടുവന്നത് എലിക്കുഴി ഖനനം ചെയ്യുന്നവരല്ലെന്നും സാങ്കേതിക വിദ്യയില്‍ വിദഗ്ധരായ ആളുകളാണെന്നും ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നോഡല്‍ ഓഫീസര്‍ നീരജ് ഖൈര്‍വാള്‍ വ്യക്തമാക്കി.