മയാമി: കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് വീണ്ടും രാജാക്കന്മാരായി അര്‍ജന്റീന. കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്മാരുമായ അര്‍ജന്റീനയ്ക്ക് അവസാന നിമിഷത്തില്‍ ലൗറ്ററോ മാര്‍ട്ടിനസ് രക്ഷകനായെത്തി. ഇഞ്ചോടിഞ്ച് കളിയില്‍ പരിക്കേറ്റ് കണ്ണീരോടെ ലിയോണല്‍ മെസിക്ക് മടങ്ങേണ്ടി വന്നു. കൊളംബിയക്കെതിരായ കലാശപ്പോരില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിതമായി പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ലോ സെല്‍സോ നല്‍കിയ ഉഗ്രന്‍ പാസാണ് ഗോളായി മാറിയത്. കളത്തിനകത്തും പുറത്തും അടിയും ഇടിയുമായിട്ടാണ് കോപ്പ അമേരിക്ക 2024 അവസാനിച്ചത്. ടിക്കറ്റില്ലാതെ കളി കാണാനെത്തിയ കൊളംബിയന്‍ ആരാധകര്‍ വലിയ സുരക്ഷാ പ്രശ്നമായതോടെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ 82 മിനുറ്റ് വൈകിയാണ് അര്‍ജന്റീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്.
മത്സരത്തില്‍ കൊളംബിയയാണ് പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നില്‍ നിന്നത്. അവസാന നിമിഷം വരെ കൊളംബിയക്ക് പ്രതീക്ഷ തന്നെയായിരുന്നു. അര്‍ജന്റീനയുടെ ആക്രമണം കൊണ്ടാണ് മത്സരം തുടങ്ങിയെങ്കിലും പിന്നീട് മുന്നേറ്റത്തില്‍ മുന്നിട്ട് നിന്നത് കൊളംബിയയായിരുന്നു. കൊളംബിയന്‍ നായകന്‍ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അര്‍ജന്റീനയുടെ തലവേദന കൂട്ടി. കൊളംബിയക്ക് മുന്നില്‍ അര്‍ജന്റീന വിയര്‍ത്തു കുളിച്ചു. കൊളംബിയ അവരുടെ ഫിസിക്കല്‍ ഗെയിം ഫൈനലിലും പുറത്തെടുത്തു. എങ്ങനെയും ഗോളടിക്കാനുള്ള കൊളംബിയന്‍ കുതിപ്പും അപ്രതീക്ഷിത ഷോട്ടുകളും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.
65ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. നിക്കോളാസ് ഗോണ്‍സാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടില്‍ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാര്‍ഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അര്‍ജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്ചവെച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാര്‍ട്ടിനസെത്തി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അര്‍ജന്റീന കോപ്പ കിരീടത്തില്‍ മുത്തമിട്ടു. കിരീട ധാരണത്തോടെ 16 കോപ്പ കിരീടത്തോടെ ഏറ്റവും കൂടുതല്‍ തവണ ടീമായും അര്‍ജന്റീന മാറി.