തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സില്‍ വെങ്കലനേട്ടം ആവര്‍ത്തിച്ച ഇന്ത്യന്‍ ഹോക്കി താരം പി. ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ സ്വീകരണം.ഒക്ടോബര്‍ 30-ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരും ജനപ്രതിനിധികളും അന്താരാഷ്ട്ര താരങ്ങളും ഉള്‍പ്പെടെ കായികരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 കോടി രൂപയുടെ പാരിതോഷികവും ശ്രീജേഷിന് ചടങ്ങില്‍ സമ്മാനിക്കും. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ച് കായിക താരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌പോര്‍ട്സ് ഓര്‍ഗനൈസറായുള്ള നിയമന ഉത്തരവും ചടങ്ങില്‍ കൈമാറും. ഒക്ടോബര്‍ 30 ന് വൈകുന്നേരം മൂന്നരയോടെ മാനവീയം വീഥിയില്‍ നിന്നും തുറന്ന ജീപ്പില്‍ ഘോഷയാത്രയായിട്ടാകും ശ്രീജേഷിനെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. രണ്ടായിരത്തോളം വരുന്ന കായികതാരങ്ങളും സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികളും റോളര്‍ സ്‌കേറ്റിംഗ് എന്നിവയും പഞ്ചാരിമേളം ബാന്‍ഡ് സെറ്റ് എന്നിവയും ഘോഷയാത്രയുടെ ഭാഗമാകും.
പി ആര്‍ ശ്രീജേഷിനെ കൂടാതെ പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത രാധാകൃഷ്ണന്‍ നായര്‍( അത്ലറ്റിക്‌സ് ചീഫ് കോച്ച്), മുഹമ്മദ് അനസ്(4*400), മുഹമ്മദ് അജ്മല്‍(4ണ്മ400), അബ്ദുള്ള അബൂബക്കര്‍(ട്രിപ്പിള്‍ ജമ്പ്), എച്ച് എസ് പ്രണോയി (ബാഡ്മിന്റണ്‍) എന്നിവരെയും ചടങ്ങില്‍ ആദരിക്കും.