Newsperseconds.com

‘ഏകാദശി വ്രതം നോറ്റ് ദര്‍ശന സായൂജ്യം തേടി’; ഗുരുവായൂരപ്പനെ കാണാനെത്തിയത് ഭക്തസഹസ്രങ്ങള്‍

Untitled 1

തൃശൂര്‍: വ്രതപുണ്യം തേടി ഏകാദശിനാളില്‍ ഗുരുവായൂരപ്പനെ കാണാനെത്തിയത് ഭക്തസഹസ്രങ്ങള്‍. ദര്‍ശന സായൂജ്യം നേടിയ നിറവില്‍ ഏകാദശി പ്രസാദ ഊട്ടില്‍ പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം. കഴിഞ്ഞ വര്‍ഷത്തേക്കാളും ഇരട്ടിയോളം ഭക്തരാണ് ഇത്തവണ കണ്ണനെ കാണാനെത്തിയത്. നാലുദിക്കില്‍ നിന്നുമെത്തിയ ഭക്തര്‍ക്ക് തടസ്സങ്ങളൊന്നുമില്ലാതെ ദര്‍ശനം ലഭിച്ചു. വി ഐ പി / സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ ഒഴിവാക്കിയും നേരിട്ട് കൊടിമരം വഴി നാലമ്പലത്തിലേക്ക് കടത്തിവിട്ടും ഭക്തര്‍ക്ക് ദേവസ്വം ദര്‍ശന സൗകര്യമൊരുക്കി.

രാവിലെ പതിനൊന്നു മണിയോടെ പൊതുവരി ക്ഷേത്രം കിഴക്കേ നട വഴി ടൗണ്‍ ഹാള്‍ വരെ നീണ്ടു. രാവിലെ ഉഷപൂജക്കു ശേഷം നടന്ന കാഴ്ചശീവേലിക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ സ്വര്‍ണക്കോലമേറ്റി. ഗുരുവായൂര്‍ ശശിമാരാരുടെ നേതൃത്വത്തിലുള്ള മേളം രാവിലെ കാഴ്ചശീവേലിക്ക് അകമ്പടിയായി. പല്ലശ്ശന മുരളി, കലാമണ്ഡലം ഹരി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് കിഴക്കോട്ടെഴുന്നള്ളിപ്പ് നടന്നു. കൊമ്പന്‍ ഗോകുല്‍ കോലമേറ്റി. തിടമ്പില്ലാത്ത കോലവുമായി പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് നിറപറയോടെ എഴുന്നള്ളിപ്പിനെ വരവേറ്റ ശേഷം നാഗസ്വരത്തിന്റെ അകമ്പടിയോടെയായിരുന്നു തിരിച്ചെഴുന്നള്ളിപ്പ്. വൈകിട്ട് കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവ നടന്നു.

വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്. ഏകാദശിയോടെ കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ചുറ്റുവിളക്കാഘോഷത്തിന് സമാപനമാകും. ഈ വര്‍ഷം ഏകാദശി ദിവസം ഉദയാസ്തമയ പൂജയില്ല.

Share this Article

Leave a Comment