Newsperseconds.com

കേരളത്തില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്‌നാട്ടില്‍ തള്ളുന്നു; പരാതി നല്‍കിയിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍; പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് തമിഴ്നാട് ബിജെപി

Biowaste

തമിഴ്നാട്ടിലെ ഒന്നിലധികം സ്ഥലങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ അനധികൃതമായി തള്ളുന്നതായി പരാതി. ആര്‍സിസിയില്‍ നിന്നുള്ള മാലിന്യം അടക്കമാണ് ഇവിടെ തള്ളിയത്. ശ്രദ്ധയില്‍പ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അധികാരികള്‍ പ്രതികരിച്ചിട്ടില്ല. കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാന്‍സര്‍ കെയര്‍ ആശുപത്രിയും ഗവേഷണ കേന്ദ്രവുമായ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) പേരിലുള്ള മെഡിക്കല്‍ രേഖകള്‍ മാലിന്യത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മാലിന്യപ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനെതിരെ തമിഴ്നാട് ബിജെപി രംഗത്തെത്തി. പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് ജനുവരി ആദ്യവാരം മാര്‍ച്ച് നടത്തുമെന്ന് കെ അണ്ണാമലൈ പറഞ്ഞു. പൊലീസില്‍ പരാതിനല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തമിഴ്നാട്ടിലെ ജലാശയങ്ങളില്‍ അടക്കമാണ് മാലിന്യം നിക്ഷേപിച്ചത്. കന്യാകുമാരി തിരുനെല്‍വേലി തെങ്കാശി ജില്ലകളില്‍ നിന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

തിരുനെല്‍വേലി ജില്ലയിലെ കൊടഗനല്ലൂര്‍, പാലവൂര്‍ വില്ലേജുകളില്‍ ബയോമെഡിക്കല്‍ മാലിന്യം തള്ളിയതായി ഡിസംബര്‍ 17 ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തെ ആര്‍സിസിയില്‍ കത്തീറ്റര്‍ നടപടിക്രമത്തിനുള്ള രോഗികളുടെ സമ്മതപത്രം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ രേഖകളും മാലിന്യങ്ങള്‍ക്കിടയില്‍ കണ്ടെത്തി. അതുപോലെ, ഒരു സ്വകാര്യ സ്ഥാപനമായ ക്രെഡന്‍സ് ഹോസ്പിറ്റല്‍, ഐവിഎഫ് സെന്റര്‍ എന്നിവയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ അവധി അപേക്ഷാ ഫോമുകള്‍ പോലുള്ളവയും മാലിന്യകൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയതോടെയാണ് മാലിന്യത്തിന്റെ ഉറവിടം മനസ്സിലായത്.

Share this Article

Leave a Comment