ഒടിയന് ശേഷം മോഹൻലാലും സംവിധായകൻ ശ്രീകുമാർ മേനോനും ഒന്നിക്കുന്നു. മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന വിവരം ശ്രീകുമാർ മേനോൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇക്കുറി പരസ്യ ചിത്രീകരണത്തിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം.
മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ബിസിനസ് സംരംഭത്തിന്റെ പരസ്യചിത്രത്തിനുവേണ്ടിയാണ് ഷൂട്ടെന്നാണ് വിവരം. മോഹൻലാലിനൊപ്പമുള്ള ഒരു ഷൂട്ടിങ്ങ് സ്റ്റില്ലും ശ്രീകുമാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
നേര് ആണ് മോഹൻലാലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രം ഇതുവരെ 80 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി നേരിനുണ്ട്.