മലയാള നടന്‍ പൃഥ്വിരാജ് സുകുമാരനെ പ്രശംസിച്ച് അക്ഷയ് കുമാര്‍. തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്നും തന്റെ മകന്‍ പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.
ആടുജീവിതം എന്ന ചിത്രത്തിനു വേണ്ടി മൂന്ന് വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്നിച്ചിട്ടുണ്ടെന്ന് അക്ഷയ് കുമാര്‍ പറഞ്ഞപ്പോള്‍, മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി. 16 വര്‍ഷം എന്ന് കേട്ടതോടെ അക്ഷയ്കുമാര്‍ ഞെട്ടുകയായിരുന്നു. ഇന്ത്യയില്‍ മറ്റൊരു നടനും ഇങ്ങനെയാെരു പ്രയത്‌നം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പതിനാറ് വര്‍ഷം എന്തുചെയ്യുകയായിരുന്നുവെന്ന് അക്ഷയ് അത്ഭുതത്തോടെ ചോദിച്ചു.
അതേ സമയം, എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ലെന്ന് അക്ഷയ്കുമാര്‍ പറഞ്ഞു. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ആടുജീവിതം. പൃഥ്വി എല്ലാവര്‍ക്കും പ്രചോദനമാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ബഡേ മിയാന്‍ ഛോട്ടേ മിയാനില്‍ പൃഥ്വിരാജിന് ഞങ്ങളേക്കാള്‍ ഡയലോഗുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് രസകരമായിരുന്നുവെന്നും അക്ഷയ്കുമാര്‍ പറഞ്ഞു. ആടുജീവിതം പൃഥ്വിയുടെ കരിയറില്‍ വലിയൊരു മാറ്റം തന്നെ സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.