കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ജീവിതം കുറിച്ച പുസ്തകം പ്രകാശനം ചെയ്തു. ‘ഇടവേളകളില്ലാതെ’ എന്ന പുസ്തകം എറണാകുളം ഗോകുലം കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്ന ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി, മോഹന്‍ലാലിന് നല്കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ പ്രസിദ്ധചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സന്നിഹിതരായി.കാന്‍ ചാനലിന്റെ ചീഫ് എഡിറ്റര്‍ കെ സുരേഷാണ് പുസ്തകം എഴുതിയിരിക്കുന്നത്. ലിപി പബ്ലിക്കേഷനാണ് പ്രസാധകര്. പുസ്തക പ്രകാശനത്തിന്റെ ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
കാല് നൂറ്റാണ്ടില്‍ അധികം അമ്മയുടെ സാരഥിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുകയും പുതിയ ജനറല്‍ സെക്രട്ടറിയായി നടന് സിദ്ദിഖിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പുതിയ മുഖങ്ങള്‍ വരട്ടെയെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞത്.