Newsperseconds.com

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; വിട വാങ്ങിയത് മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മ മുഖം

Untitled 1

കൊച്ചി: മലയാള സിനിമയുടെ അമ്മയായിരുന്ന നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടുകാലം സിനിമലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയൂര്‍ പൊന്നമ്മ അമ്മ വേഷത്തില്‍ നിരവധി തവണ മികവ് തെളിയിച്ചതാണ്. മലയാളിയുടെ പ്രിയപ്പെട്ട കവിയൂര്‍ പൊന്നമ്മയുടെ വേര്‍പ്പാടില്‍ സിനിമ-രാഷ്ട്രീയ ലോകം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂര്‍ പൊന്നമ്മ കഴിഞ്ഞുവന്നത്. ഏകമകള്‍ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.

1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. 1965ല്‍ തൊമ്മന്റെ മക്കള്‍ എന്ന സിനിമയില്‍ 20 കാരിയായ പൊന്നമ്മ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു.1965ല്‍ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി. നാടകത്തിലൂടെ പൊന്നമ്മ സിനിമ ലോകത്തിലേക്ക് എത്തുന്നത്. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ ‘മൂലധന’മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്.

അര നൂറ്റാണ്ട് കാലത്തോളം സിനിമയില്‍ തിളങ്ങി നിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അമ്മ-മകന്‍ കൂട്ടുകെട്ടില്‍ എന്നും വിജയിച്ചൊരു കോംബോ ആയിരുന്നു മോഹന്‍ലാലിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മ ചെയ്ത വേഷങ്ങളെല്ലാം. കിരീടത്തിലും ചെങ്കോലിലും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലും തുടങ്ങി നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ അമ്മ വേഷങ്ങളില്‍ മോഹന്‍ലാലിനൊപ്പം കവിയൂര്‍ പൊന്നമ്മ എത്തി. മമ്മൂട്ടി, ദിലീപ് തുടങ്ങി നിരവധി താരങ്ങളുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല.

സിനിമയ്ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു.

Share this Article

Leave a Comment