തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ഒരു പിടി നല്ല ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. 67 ചിത്രങ്ങളാണ് ഇന്ന് വിവിധ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. രാവിലെ 9.30 ന് നോറ മാര്‍ട്ടിറോഷ്യന്‍ സംവിധാനം ചെയ്ത ഷുഡ് ദി വിന്‍ഡ് ഡ്രോപ്പ് , കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.
വൈകിട്ട് ആറിന് അജന്ത തിയേറ്ററില്‍ ജാക്ക് ഓര്‍ഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ് പ്രദര്‍ശിപ്പിക്കും. കുറ്റവാളികള്‍ക്ക് നിയമരക്ഷ നേടിക്കൊടുക്കാന്‍ തല്പരയായ റീത്ത എന്ന അഭിഭാഷകക്ക് ഒരു അധോലോക നേതാവിന് വേണ്ടി ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നതാണ് കഥാപശ്ചാത്തലം. ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എം. മോഹന്‍ സംവിധാനം ചെയ്ത ‘രചന’, ഉത്പലേന്ദു ചക്രബര്‍ത്തി സംവിധാനം ചെയ്ത ‘ചോഘ്’, സെന്റണിയല്‍ ട്രിബ്യൂട്ട് വിഭാഗത്തില്‍ പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ‘മൂലധനം’ എന്നിവയാണ് ഇന്നത്തെ ശ്രദ്ധേയ ചിത്രങ്ങള്‍.
മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ വിജയരാഘവന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ അഭിനയിച്ച കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രദര്‍ശനം ഉച്ചതിരിഞ്ഞു മൂന്നിന് ന്യൂ തിയേറ്ററില്‍ നടക്കും. പെരുമാള്‍ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമ്മാള്‍. വൈകിട്ട് ആറിനു കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം നഗരഗ്രാമാന്തരങ്ങളിലെ കാഴ്ച്ചപ്പാടുകള്‍ തമ്മിലുള്ള അന്തരത്തെ ഒരു അമ്മയുടെയും മകന്റെയും ബന്ധത്തിലൂടെ ആവിഷ്‌കരിക്കുന്നു. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ആന്‍ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പര്‍ബോറിയന്‍സ്, ബോഡി, അപ്പുറം, ലിന്‍ഡ, എല്‍ബോ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. മലയാളം ടുഡേ വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ശിവരഞ്ജിനി ജെയുടെ വിക്ടോറിയ ഇന്ന് സിനിമാ പ്രേമികള്‍ക്ക് മുന്നിലെത്തും.