ആരാധകരുടെ അഞ്ച് വര്‍ഷ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ക്രിസ്മസ് സമ്മാനമായി ആരാധകര്‍ക്ക് മോഹന്‍ലാല്‍ നല്‍കുന്ന സമ്മാനമാണ് ബറോസ്. ഇപ്പോഴിതാ ബറോസിന്റെ റിലീസിന് വിജയാശംസ അറിയിച്ച് കൊണ്ടുള്ള മമ്മൂട്ടിയുടെ കുറിപ്പ് വൈറലാവുകയാണ്. ത്രീഡി രൂപത്തിലെത്തുന്ന ചിത്രത്തിന്റെ ചെന്നൈയിലെ പ്രിവ്യൂ കാണാന്‍ മണിരത്നമടക്കം നിരവധി പേരാണ് എത്തിയത്. മലയാളസിനിമാ ലോകത്ത് ബറോസിന്റെ റിലീസോട് കൂടി ചരിത്രം സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയുടെ വൈറല്‍ കുറിപ്പ് കൂടെ പുറത്ത് വന്നപ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.
‘ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹന്‍ലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ‘ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നു, പ്രാര്‍ത്ഥനകളോടെ സസ്‌നേഹം സ്വന്തം മമ്മൂട്ടി’. എന്നാണ് മമ്മൂട്ടി പങ്കുവെച്ച ആശംസ പോസ്റ്റ്.
ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ മോഹന്‍ലാലിന്റെ കുടുംബവും ചെന്നൈയില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂവില്‍ നിന്നുള്ള റിവ്യൂസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്.
47 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ആഗോള തലത്തിലുള്ള തിയേറ്ററുകളിലാണ് നാളെ മുതല്‍ ‘ബറോസ്’ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭം എന്നതും, അതും ജിജോ പുന്നൂസിന്റെ രചനയില്‍ എന്നത് സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ സിനിമയ്ക്ക് ഏറെ ഹൈപ്പ് ലഭിച്ചിരുന്നു.