കൊച്ചി: കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു. ഷാര്‍ജയില്‍ വെച്ചായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവിന്റെയും ലിമിതയുടെയും മകളായ ലക്ഷ്മി ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുമെന്നാണ് സൂചന. ഷാര്‍ജയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായതിനാല്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും.
‘കാക്ക’ എന്ന ഷോര്‍ട്ട് ഫിലിം 2021 ഏപ്രിലില്‍ ആണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ പഞ്ചമി എന്ന കഥാപാത്രമായി ലക്ഷ്മിക അഭിനയിച്ചു. കറുപ്പ് കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. കറുത്ത തൊലിയുള്ള, പൊങ്ങിയ പല്ലുള്ള പെണ്‍കുട്ടിയായി ലക്ഷ്മി ജീവിച്ചു കാണിക്കുകയായിരുന്നു ചിത്രത്തിലൂടെ. രൂപഭാവത്തിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നുപോലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന പഞ്ചമി പിന്നീട് അതെല്ലാം പോസിറ്റീവായി എടുത്ത് കാക്കയിലൂടെ കഥ പറഞ്ഞു.
പിന്നീട് മലയാള സിനിമയിലും ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചു. യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണതത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ലക്ഷ്മി കൈയ്യടി നേടി.