ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മ ദിനമാണ് ജൂലൈ 5. മലയാളികളെ ചിരിക്കാനും ചിന്തിപ്പിക്കാനും ഒരേ പോലെ കഴിവുള്ള എഴുത്തിന്റെ സുല്‍ത്താനായിരുന്നു ബഷീര്‍. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന നിരവധി പുസ്തകങ്ങള്‍ സമ്മാനിച്ച ബഷീര്‍ വിട്ട് പോയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. അദ്ദേഹത്തിന്റെ എണ്ണമറ്റ കഥകളിലൂടെ ബഷീര്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങള്‍ നമ്മോട് പറഞ്ഞത് അലക്കിത്തേച്ച വടിവൊത്ത ഭാഷയിലായിരുന്നില്ല. ബഷീറിന്റെ തന്നെ ഭാഷയില്‍ നമ്മളെ ചിരിപ്പിച്ച പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ വായിച്ചവര്‍ക്കെല്ലാം കാണാപാഠമാണ്. 30 ആണ്ടുകള്‍ക്ക് മുമ്പ് ഇത് പോലൊരു ജൂലൈ 5 ന് കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ മലയാള സാഹിത്യ രംഗത്തെ ഒരു യുഗാന്ത്യം സംഭവിച്ചു. അതെ ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന മലയാളിയുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യത്തിന്റെ ലോകത്ത് നിന്ന് നമ്മോട് വിട പറഞ്ഞദിനം. ജീവിതകാലം മുഴുവന്‍ ആ മഹാ മനീഷിക്ക് ശീതളഛായ പകര്‍ന്ന മാങ്കോസ്റ്റിന്‍ മരത്തിന്റെ ഇലകള്‍ പോലും നിശ്ചലമായിരുന്നിരിക്കണം ആ ദിവസം. ബേപ്പൂരിലെ വൈലാലില്‍ വീടിന്റെ ഉമ്മറത്ത് ചാരുകസേരയോട് ചേര്‍ന്ന ഗ്രാമഫോണില്‍ ‘സോജാ രാജകുമാരി’ എന്ന ഗാനം കേള്‍ക്കാന്‍ അതിന്റെ നാഥന്‍ ഇല്ലാതെയായ നിമിഷം.

1908 ജനുവരി 21 ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുള്‍പ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാച്ചുമ്മ. ഇവരുടെ ആറുമക്കളില്‍ മൂത്തയാളായിരുന്നു ബഷീര്‍. സ്‌കൂള്‍ പഠനകാലത്ത് വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി വൈക്കത്തെത്തിയ ഗാന്ധിയെ കാണുന്നതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഗാന്ധിജിയെ തൊട്ടുവെന്ന് പില്‍ക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. വീടുവിട്ട് എറണാകുളത്തുചെന്ന് തീവണ്ടി കയറി കോഴിക്കോടെത്തിയ ബഷീര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1930-ല്‍ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. ജയിലിലേറ്റ ക്രൂര മര്‍ദ്ദനത്തെക്കുറിച്ച് അദ്ദേഹം പില്‍ക്കാലത്ത് വിവരിക്കുന്നുണ്ട്.

സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീവണ്ടി കയറി നാടുവിട്ട അദ്ദേഹം വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. എറണാകുളത്തുനിന്ന് കണ്ണൂരിലേക്കും കണ്ണൂരുനിന്ന് കുടകിലേക്കും കുടകില്‍നിന്ന് ഗോവയിലേക്കും അവിടെനിന്ന് കോലാപ്പുരിലേക്കും അവിടുന്ന് പൂനയിലേക്കും ബോംബെയിലേക്കും യാത്ര ചെയ്തു. ബോംബെ-ജിദ്ദ ഹജ്ജ് കപ്പലില്‍ കുറച്ചുകാലം ജോലിക്കാരനായി. ജിദ്ദയില്‍നിന്ന് ബോംബെയില്‍ തിരിച്ചെത്തിയ ബഷീര്‍ വീണ്ടും യാത്ര തുടര്‍ന്നു. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പല ജോലികളും ചെയ്തു. ആറേഴു വര്‍ഷം നീണ്ട ഈ യാത്രയില്‍, അദ്ദേഹം പല ഭാഷകളും പഠിച്ചു. മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്രദാരിദ്ര്യവും മനുഷ്യദുരയും നേരിട്ടുകണ്ടു. ലോകം ചുറ്റുന്നതിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.

പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച എന്റെ തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. ജോലി അന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെ അടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും കഥയെഴുതിത്തന്നാല്‍ പ്രതിഫലം തരാമെന്നുമുള്ള മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ, ഒരു കഥയെഴുതുകയായിരുന്നു. കറുത്തിരുണ്ടു വിരൂപയായ നായികയേയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനേയും പ്രധാനകഥാപാത്രങ്ങളാക്കി അന്നെഴുതിയ കഥയാണ് എന്റെ തങ്കം. ബഷീറിന്റെ ആദ്യത്തെ നോവലാണ് പ്രേമലേഖനം. സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീര്‍ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്.

ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍, അതു ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി. ജയില്‍പ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തില്‍ ഒളിപ്പിച്ചുവെച്ചു. അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. നമ്മുടെ സാഹിത്യത്തിലെ വര്‍ണ്ണവ്യവസ്ഥകള്‍ക്ക് അദ്ദേഹം തിരുത്തിക്കുറിച്ചു.