സാധാരണക്കാരോടു സയന്‍സ് പറയാനുള്ള കഴിവില്‍ മാറ്റുരയ്ക്കാന്‍ ഗവേഷകര്‍ക്ക് വേദിയൊരുക്കുന്ന കേരളത്തിലെ ആദ്യത്തെ കേരള സയന്‍സ് സ്ലാം 2024-ന്റെ വിളംബരം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു, മുന്‍ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, മുരളി തുമ്മാരുകുടി എന്നിവര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖരടക്കം നിരവധി പേര് വിളംബരത്തില്‍ പങ്കുചേര്‍ന്നു. സര്‍വ്വകലാശാലകളുടെയും അക്കാദമികസ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയന്‍സ് പോര്‍ട്ടലുമാണ് സയന്‍സ് സ്ലാം സംഘടിപ്പിക്കുന്നത്.
ശാസ്ത്രപുരോഗതി നേടിയ സമൂഹങ്ങളില്‍ പുതിയ സയന്‍സ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും സാധാരണജനങ്ങളിലേക്ക് എത്തിക്കാനും അവ ലളിതവും സരസവും ആകര്‍ഷകവുമായി അവതരിപ്പിക്കാനുള്ള മികവ് ഗവേഷകരിലും ശാസ്ത്രജ്ഞരിലും ഗവേഷണവിദ്യാര്ത്ഥികളിലും വളര്‍ത്തിയെടുക്കാനും ഉദ്ദേശിച്ച് സംഘടിപ്പിക്കാറുള്ള പരിപാടിയാണ് സയന്‍സ് സ്ലാം. താരതമ്യേന മെച്ചപ്പെട്ട ശാസ്ത്രബോധവും ഉയര്‍ന്ന വിദ്യാഭ്യാസവും സര്‍വ്വകലാശാലകളടക്കം ധാരാളം അക്കാദമിക-ഗവേഷണസ്ഥാപനങ്ങളും ശാസ്ത്രപണ്ഡിതരും ശക്തമായ ഒരു ജനകീയശാസ്ത്രപ്രസ്ഥാനവും ഒക്കെയുള്ള കേരളത്തില്‍ പക്ഷെ, സയന്‍സ് സ്ലാമുകള്‍ ഇതുവരെ നടന്നിട്ടില്ല. ഇത്തരമൊരു സംസ്ക്കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരള സയന്‍സ് സ്ലാം 2024.
ഇന്നു നാം ഏര്‍പ്പെട്ടിരിക്കുന്ന വൈജ്ഞാനികസമൂഹസൃഷ്ടിയുടെ ആധാരശിലയാണു ശാസ്ത്രബോധമെന്നും അതില്‍ അധിഷ്ഠിതമായ ഒരു നവകേരളം ഉയര്‍ന്നുവരാന്‍ സഹായിക്കുന്നതാണ് ഈ പ്രവര്‍ത്തനമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചു. ശാസ്ത്രം സരസമായും ലളിതമായും പറയാന്‍ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതും ഗവേഷകരിലും ശാസ്ത്രജ്ഞരിലും ശാസ്ത്രാദ്ധ്യാപകരിലുമൊക്കെ അത്തരം മികവു പരിപോഷിപ്പിക്കുന്നതും ഈ വേളയില്‍ വളരെ പ്രധാനമാണെന്ന് തോമസ് ഐസക്കും അഭിപ്രായപ്പെട്ടു.
ഗവേഷകര്‍ സ്വന്തം ഗവേഷണവിഷയം പത്തുമിനുട്ടില്‍ ഫലപ്രദമായി അവതരിപ്പിക്കുകയാണു വേണ്ടത്. കേരള സയന്‍സ് സ്ലാം 2024-ന്റെ വിശദവിവരങ്ങളും രജിസ്ട്രേഷനുള്ള സമുകര്യവും https://scienceslam.in/ എന്ന വെബ്സൈറ്റില്‍ ഉണ്ട്. പാലക്കാട് ഐഐറ്റിയും കണ്ണൂര്‍ സര്‍വ്വകലാശാലയും കോഴിക്കോട് സര്‍വ്വകലാശാലയിലെ എം. എസ്. സ്വാമിനാഥന് ചെയറും കൊച്ചി ശാസ്ത്രസാങ്കേതികസര്വ്വകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രവും (C-SiS – Science in Society) തിരുവനന്തപുരം ഗവ. വിമന്‍സ് കോളെജും ശാസ്ത്രവിദ്യാഭ്യാസസംരംഭമായ ക്യൂരിഫൈയും സയന്‍സ് സ്ലാമില്‍ പങ്കുചേരുന്നു. രണ്ടു ഘട്ടങ്ങളിലായാണു മത്സരങ്ങള്‍. നാലു മേഖലകളായി തിരിച്ചു നടത്തുന്ന ആദ്യഘട്ടം സ്ലാമുകള്‍ നവംബര്‍ 9-ന് കൊച്ചി, 16-നു കോഴിക്കോട്, 30-ന് കണ്ണൂര്‍ സര്‍വ്വകലാശാലാ ആസ്ഥാനങ്ങളിലും 23-നു തിരുവനന്തപുരം ഗവ. വിമന്‍സ് കോളെജിലും നടക്കും. സമാപനസ്ലാം ഡിസംബര്‍ 14 ന് പാലക്കാട് ഐഐറ്റിയിലാണ്