ഇന്ത്യയിലുടനീളമുള്ള ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ അവരുടെ അക്കാദമിക് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ ബോര്‍ഡ് എക്സാംമുമായി മല്ലിടുകയാണ്. പരീക്ഷയില്‍ ഫുള്‍ എപ്ലസ് കിട്ടിയില്ലേലും എങ്ങനെയെങ്കിലും ഒന്ന് ജയിച്ച് പോയാല്‍ മതിയെന്ന് ചിന്തിക്കുന്ന കുട്ടികളാണ് പകുതിയും. അങ്ങനെ ജയിക്കാന്‍ വേണ്ടി ഒരു വിദ്യാര്‍ത്ഥിനി തന്റെ ഇന്‍വിജിലേറ്ററോട് നടത്തിയ അസാധാരണമായ അപേക്ഷയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ജബല്‍പൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനിയാണ് പരീക്ഷപേപ്പറില്‍ തന്നെ ജയിപ്പിക്കണമെന്ന് അപേക്ഷിച്ചത്. സര്‍, തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ്. ആ വിവാഹം ഒഴിവാക്കാന്‍ എങ്ങനെയെങ്കിലും തനിക്ക് പരീക്ഷയില്‍ ജയിക്കാനുള്ള മാര്‍ക്ക് തരണം. പരീക്ഷയില്‍ തോറ്റാല്‍ മാതാപിതാക്കള്‍ തന്റെ വിവാഹം നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.. എന്നായിരുന്നു അപേക്ഷ. താന്‍ പരാജയപ്പെട്ടാല്‍ വിദ്യാഭ്യാസം നിര്‍ത്തിവയ്ക്കുമെന്ന് മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ധ്യാപകനോട് അഭ്യര്‍ത്ഥിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും അവള്‍ പരീക്ഷപേപ്പറിലൂടെ എഴുതുകയായിരുന്നു.
ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴും ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ കല്ല്യാണം നടത്താറുണ്ട്. അതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം. കൂടാതെ പരീക്ഷകളില്‍ ജയിക്കുക എന്നത് കുട്ടികളില്‍ വലിയ മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. പല അടവുകള്‍ പയറ്റിയിട്ടാണെങ്കിലും ഒന്ന് ജയിച്ചാല്‍ മതി എന്നാണ് കുട്ടികളുടെ ഉള്ളിലെ ലക്ഷ്യം. പരീക്ഷകളില്‍ തോറ്റു കഴിഞ്ഞാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഓര്‍ത്ത് മാനസികസമ്മര്‍ദ്ദം മൂലം നിരവധി വിദ്യാര്‍ത്ഥികള്‍ നമ്മുടെ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.