Newsperseconds.com

‘ആധുനിക ലോകത്തിന്റെ അറിവിന്റെ തീര്‍ത്ഥാടനം’; സ്വാമി അസംഗാനന്ദഗിരി

Swami

92-ാമത് ശിവഗിരി തീര്‍ത്ഥാടനം സമാഗതമായ ഈ വേളയില്‍ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും തീര്‍ത്ഥാടക ലക്ഷങ്ങളാണ് അറിവിന്റെ പുണ്ണ്യ തീര്‍ത്ഥം നുകരുവാന്‍ ശിവഗിരി കുന്നിലേക്ക് ഒഴുകി എത്തികൊണ്ടിരിക്കുന്നത്. യുഗ പ്രഭാവനനായ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ മഹോന്നതമായ ദര്‍ശനത്തിനു കഴിഞ്ഞ ഇരുണ്ട യുഗത്തെ മാത്രമല്ല വരുന്ന ഭാവി യുഗങ്ങളെ പോലും പ്രകാശിപ്പിക്കുവാനുള്ള പ്രഭാവം ഉണ്ടെന്നാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ലോകത്തുണ്ടയിട്ടുള്ള അനേകം മതങ്ങളുംതത്വ ശാസ്ത്രങ്ങളും ഭാവി കാലത്തേ പ്രകാശിപ്പിക്കുവാന്‍ കഴിയാതെ പിന്തള്ളപ്പെടുമ്പോള്‍ ശ്രീനാരായണ ദര്‍ശനമാകട്ടെ ഇനി വരുന്ന യുഗത്തെ നയിക്കുവാന്‍ ഉള്ളതാണെന്ന് ലോകത്തിനു ബോധ്യമായി കൊണ്ടിരിക്കുകയാണ്. സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്തി ലോകമെങ്ങും ആഘോഷിക്കുന്ന ഈ അവസരത്തില്‍ ശിവഗിരി മഠത്തിന്റെ ആത്മീയ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോകമത പാര്‍ലമെന്റ് അഭിവന്ദ്യനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഗുരുദേവ ദര്‍ശനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സര്‍വ്വ മാനവരാശിക്കും ഹൃദയത്തില്‍ സ്പര്‍ശിക്കുമാറ് അവതരിപിച്ചത് ഗുരുദേവ ദര്‍ശനത്തിന്റെ ആഗോള പ്രസക്തിയെ വര്‍ദ്ധിപ്പിക്കുന്നു, എല്ലാമനുഷ്യരും ഒരു ലോകം ഒരു കുടുംബം എന്ന ആശയത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായാണഗുരുദേവനെ ലോകം നോക്കി കാണുന്ന ദൂരം വിദൂരമല്ല എന്ന് ഇത് സൂചിപ്പിപ്പിക്കുന്നു.

Capture

മഹിതമായ ഗുരു ദര്‍ശനം ഉള്‍ക്കൊള്ളാന്‍ പാകത്തിന് നമ്മുടെയെല്ലാം ഹൃദയങ്ങള്‍ വിശാലമായിട്ടുണ്ടോ എന്ന് ഈ വേളയില്‍ നാം ഓരോരുത്തരും വിചിന്തനം ചെയ്യേണ്ടതുണ്ട്. സ്വന്തം ജാതി ശ്രേഷ്ഠമാണെന്നും മതംശ്രേഷ്ഠമാണെന്നും ദൈവം ശ്രേഷ്ഠന്‍ ആണെന്നും വര്‍ദ്ധിച്ച അഭിമാനം വെച്ച് പുലര്‍ത്തുമ്പോള്‍ ശ്രേഷ്ഠമായ മറ്റൊന്നിനെ കൂടി സ്വീകരിക്കാനുള്ള വഴി നാം അടച്ചുകളയാതെ നോക്കണം. ഒരിക്കല്‍ മത പരിവര്‍ത്തനത്തിനു വന്ന ക്രിസ്തീയ പുരോഹിതന്മാര്‍ ഗുരു സന്നിധിയില്‍ എത്തി സ്വാമി ഞങ്ങളെ എല്ലാം അടിച്ചു പുറത്താക്കുമോ എന്ന സംശയം പ്രകടിപ്പിച്ചപ്പോള്‍ നാം ആരെയും അടിച്ച് പുറത്താക്കാറില്ല നമ്മുടെ കൂടെ ചേര്‍ന്നില്ലെങ്കില്‍ അടിച്ചകത്താക്കുകേയുള്ളൂ എന്ന് മന്ദസ്മിതപൂര്‍വ്വം ഗുരു അരുളിയത് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പാകത്തിന് അത്രയും സമഗ്രവും ആണ് ശ്രീനാരായണഗുരുദേവന്‍ മുന്നോട്ടുവെച്ച ഏകത്വ ദര്‍ശനം എന്ന് നമുക്ക് ബോധ്യമാകും. തീര്‍ത്ഥാടകരായി അറിവ് തേടി ശിവഗിരിയില്‍ എത്തുന്ന ഓരോ തീര്‍ത്ഥാടകനും ഈ ഹൃദയ വിശാലതയെ ഉള്‍ക്കൊള്ളുമ്പോഴാണ് യഥാര്‍ത്ഥമായ അറിവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ സാധിക്കുന്നത് ഗുരു ഉപദേശിക്കുന്ന ഏറിയ അറിവിനെ ഉള്‍ക്കൊള്ളുവാന്‍ സങ്കുചിതമായ ചിന്ത പുലര്‍ത്തുന്ന ഒരാള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല ജാതി മത ദേശ ഭാഷ അതിര്‍വരമ്പുകള്‍ക്ക് അപ്പുറം മനുഷ്യരാശിയുടെ നന്മയും ഉയര്‍ച്ചയുമാണ് ശ്രീനാരായണ ദര്‍ശനം കാംക്ഷിക്കുന്നത്. അത് ഉള്‍ക്കൊള്ളുവാന്‍ ഉള്ള വിശാലമായ നയനങ്ങളും ശ്രോത്രങ്ങളുമാണ് നമുക്ക് വേണ്ടത്. ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച വാഗ്ഭടാനന്ദന്‍ (പൂര്‍വ്വാശ്രമ നാമം കുഞ്ഞിക്കണ്ണന്‍)നോട് ഗുരു പറയുന്നുണ്ട് കുഞ്ഞ് കണ്ണുള്ളവര്‍ക്ക് ഇത് എല്ലാം മനസിലാക്കുവാന്‍ സമയമെടുക്കുമെന്ന്. നൂറ് വര്‍ഷത്തിനപ്പുറം നിന്നുകൊണ്ട് വരാന്‍ പോകുന്ന ആയിരം ആയിരം യുഗങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ഗുരു അവതരിപ്പിച്ചതാണ് ഈ മഹിതമായ ദര്‍ശനം എന്നു നമുക്ക് ബോധ്യമാകുവാന്‍, തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ അവസാന ലക്ഷ്യമായ ശാസ്ത്ര സാങ്കേതിക വിദ്യയെ കുറിച്ചുള്ള ഗുരുവിന്റെ പരാമര്‍ശം മാത്രം ഓര്‍ത്താല്‍ മതിയല്ലോ.

Capture

1928 കാലഘട്ടത്തില്‍ ഇന്നത്തെ പോലെ പരിഷകൃത മനുഷ്യരോ എന്നല്ല വൈദ്യുതിയോ വര്‍ത്തമാന പത്രങ്ങളോ പോലും പ്രചരിക്കാതിരുന്ന കാലത്താണ് ശാസ്ത്ര സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവു ആളുകള്‍ക്ക് ഉണ്ടാകണമെന്ന് ഉപദേശിക്കുകമാത്രമല്ല പറഞ്ഞ എട്ടു ലക്ഷ്യങ്ങളും എഴുതി പ്രസിദ്ധപ്പെടുത്തണം എന്നും ഗുരു നിഷ്‌കര്‍ഷിച്ചു. അറിവു തേടി എത്തുന്ന തീര്‍ത്ഥാടകരുടെ വിശാല ഹൃദയത്തില്‍ വിരിയുന്ന അഷ്ടദളപത്മമായി ഈ ഉപദേശത്തെ ലോകം ഹൃദയത്തിലേറ്റി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നിവ ആധുനികലോകത്തിലെ രാട്രമീമാംസകന്‍മാര്‍ക്ക് പോലും മാതൃകയാണ് ഗുരുവിന്റെ മഹിതമായ ഈ ദര്‍ശനം. ഭാരതത്തില്‍ കൊച്ചു കേരളത്തിന്റെ ഒരു ഭാഗത്ത് സന്യാസവൃതി സ്വീകരിച്ച് ആദ്ധ്യാത്മ നിഷ്ടയില്‍ ഇരിക്കുന്ന ഒരു സന്യാസിവര്യനില്‍ നിന്നും പരിഷകൃത സമൂഹത്തിനു ഇത് ലഭിക്കുക എന്നുപറഞ്ഞാല്‍ ഏറ്റവും അതിശയകരം തന്നെയാണ്. ഗുരുവിനോടൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ പരിഷ്‌കൃത ആശയകാരന്മാര്‍ പോലും പരിഷ്‌കാരത്തിന് മാര്‍ഗ്ഗം ആരാഞ്ഞത് ഗുരുവിനോടാണ് എന്ന് നാം ഓര്‍മ്മിക്കണം. മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ദര്‍ശിച്ച അനന്തതയിലേക്ക് നീണ്ട ആ യോഗനയനങ്ങളുടെ വ്യാപ്തി ഇനിയും ലോകം മനസ്സിലാക്കുവാന്‍ പോകുന്നതേയുള്ളൂ. ഗുരുദേവന്റെ ചിന്തയും പ്രവര്‍ത്തിയും വാക്കും ഒന്നും വ്യര്‍ത്ഥമായിട്ടില്ല. പ്രകൃതിയെ പോലും നിയന്ത്രിക്കുന്ന ആ തിരുവചനങ്ങള്‍ ലോകത്തെ നിയന്ത്രിക്കുന്ന കാലം കടന്നു വരിക തന്നെ ചെയ്യും. പാശ്ചാത്യ- പൗരസ്ത്യ ഭേദമന്യേ മനുഷ്യരാശി ഒന്നായിത്തീരണമെന്നും അതിന് വിഘാതമായിട്ടുള്ളതെല്ലാം അവസാനിക്കണമെന്നുമുള്ള ഒരുമ തേടുന്ന മഹത് ദര്‍ശനത്തെയാണ് ആധുനിക സമൂഹം കാംക്ഷിക്കുന്നത്. വത്തിക്കാനിലെ സര്‍വ്വമത സമ്മേളനത്തിലൂടെ ഗുരുദേവ ദര്‍ശനത്തിന്റെ ആഗോള പ്രസരണം ആണ് സാധിച്ചിരിക്കുന്നത്. വിശ്വപൗരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഗുരുവിന്റെ ഏകത്വ ദര്‍ശനത്തെക്കുറിച്ച് ലോകത്തോട് സംവദിച്ചപ്പോള്‍ അദ്ദേഹത്തിലൂടെ ലോകം ശ്രവിച്ചത് ശ്രീനാരായണ ഗുരുദേവന്റെ അദ്വൈതമന്ത്രം തന്നെയായിരുന്നു.ഗുരുവിനെ സംബന്ധിക്കുന്ന നിരവധി ശതാബ്ദി വര്‍ഷങ്ങള്‍ നാം അറിഞ്ഞു അറിയാതെയും കടന്നു പോകുമ്പോള്‍ അവയെല്ലാം ജനശ്രദ്ധയില്‍ കൊണ്ടുവന്ന് ആഗോളതലത്തില്‍ തന്നെ ആഘോഷിക്കപ്പെടണം എന്ന് ഇന്നത്തെ ധര്‍മ്മ സംഘത്തിന്റെ അധ്യക്ഷന്‍ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ ഉറച്ച നിലപാടും നിതാന്ത ജാഗ്രതയും ആണ് ഈ ആഘോഷങ്ങള്‍ക്ക് എല്ലാം പിന്നിലെ പ്രധാന പ്രേരക ശക്തി.

W

വൈക്കം സത്യാഗ്രഹശതാബ്ദിയും ആലുവ സര്‍വമതാ സമ്മേളനത്തിന്റെ ശതാബ്ദിയും മഹാകവികുമാരനാശാന്റെ ദേഹവിയോഗത്തിന്റെ ശതാബ്ദിയും ഈ കാലയളവില്‍ മഠം മുന്‍കൈയെടുത്ത് നടത്തുകയുണ്ടായി. അതിനുമുമ്പ് ദൈവദശകത്തിന്റെ രചനാശതാബ്ദി ആഘോഷിച്ചത് ജനമനസ്സില്‍ ഇടം പിടിക്കുകയും നമുക്ക് ജാതിയില്ല എന്ന ഗുരുദേവന്റെ വിളംബര ശതാബ്ദി ഉള്‍പ്പെടെ ഇവയെല്ലാം സമുചിതമായി ആഘോഷിക്കുവാന്‍ ബഹുമാനപ്പെട്ട കേരള ഗവണ്‍മെന്റ് ശ്രദ്ധ വെച്ചു എന്നത് പ്രശംസനീയമാണ്. ശതാബ്ദികളുടെ നിറവില്‍ തീര്‍ത്ഥാടനം ആഘോഷിക്കപ്പെടുമ്പോള്‍ ഇതില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത് നമ്മുടെയെല്ലാം സുകൃതമാണ്. കഴിഞ്ഞുപോയവര്‍ക്കോ ഇനി വരാന്‍ പോകുന്നവര്‍ക്കോ കിട്ടാത്ത ജന്മസുകൃതം അത് മനസ്സിലാക്കി ഗുരുവിന്റെ ഓരോ അരുള്‍ മൊഴിയും തീര്‍ത്ഥാടകര്‍ക്ക് മനനം ചെയ്യാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ തീര്‍ത്ഥാടന വേളയില്‍ ഗുരുദേവന്‍ ഉപദേശിച്ച വിശിഷ്ടമായ അഷ്ടലക്ഷ്യങ്ങളെ നമുക്ക് ഹൃദയപൂര്‍വ്വം വിചിന്തനം ചെയ്യാം.

വിദ്യാഭ്യാസം: വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടുന്ന സാഹചര്യം ഒരുക്കുകയും അവരവരുടെ അഭിരുചിക്കനുസരിച്ച് മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളുടെ സര്‍ഗ ശക്തിയെയും, കഴിവിനെയും തിരിച്ചുവിട്ട് മൂല്യബോധമുള്ള പ്രതിഭാധനന്‍മാരാക്കി വാര്‍ത്തെടുക്കുവാന്‍ വേണ്ട അറിവുകള്‍ തീര്‍ത്ഥാടന സമ്മേളനങ്ങളില്‍ നിന്നും സാംശീകരിക്കുവാന്‍ സാധിക്കുന്നു. ശിവഗിരിയില്‍ നടക്കുന്ന വിദ്യാഭാസ സമ്മേളനത്തില്‍ തീര്‍ത്ഥാടകരേക്കാള്‍ അധികം പ്രാമുഖ്യം വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്തുകൊണ്ട് രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള വിദ്യാലയങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തി ചേര്‍ന്നാല്‍ അവരുടെ അറിവിന്റെ ചക്ര വാളത്തിന് പുതിയൊരു ദിശാബോധം ഉണ്ടാവുന്നതാണ്.

ഗുരു കല്‍പിച്ച രണ്ടാമത്തെ വിഷയം ശുചിത്വമാണ്.

ശുചിത്വം: ബാഹ്യാആഭ്യന്തര ശുചിത്വത്തിന് ഗുരുദേവന്‍ വളരെ പ്രാമുഖ്യം കല്‍പിച്ചിട്ടുണ്ട്. ശരീരത്തോടൊപ്പം മനസും ശുദ്ധമാകണമെന്ന് ശ്രീനാരായണധര്‍മ്മം അനുശാസിക്കുന്നു. ആന്തരികമായശുദ്ധി അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ബഹ്യാമായ ശുചിത്വം താനേവന്നുകൊള്ളും. ഇന്നത്തെ ചുറ്റുപാടിന് അതായത് പൊതുനിരത്തുകളും, പൊതു സ്ഥലങ്ങളും, മാലിന്യ കൂമ്പാരങ്ങളായി മാറുന്നത് മനശുദ്ധി ഇല്ലാത്ത മനുഷ്യരുടെ വികല പ്രവര്‍ത്തികള്‍ കാരണമാണെന്ന് ഏവര്‍ക്കും അറിയാമല്ലോ. മനസ്സ് ശുദ്ധമായവര്‍ സമൂഹത്തില്‍ വര്‍ധിക്കുന്നതനുസരിച്ച് പൊതു മലിനികരണവും കുറയുന്നതാണ്. അതോടൊപ്പം തന്നെ നാടും പരിസരവും വൃത്തിയാക്കുന്നതിനുവേണ്ട ധര്‍മ്മ സേവകരെ വാര്‍ത്തെടുക്കുക കൂടി ചെയ്താല്‍ കേരളം ശുചിത്വ കാര്യത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാവും. നാടും, നഗരവും, ജലാശയങ്ങളും, മലിനമായിരിക്കുമ്പോള്‍ ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ മനുഷ്യന് സാധ്യമല്ലാതെയാവും. അവന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം രോഗ നിവാരണത്തിനായി ആശുപത്രികളില്‍ ചിലവഴിക്കേണ്ടി വരും. മാലിന്യ നിര്‍മാര്‍ജ്ജനത്തെക്കാളും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഉപാധികള്‍ വിദ്യാഭാസത്തോടൊപ്പം ജനങ്ങളെ പരിശീലിപ്പിക്കുകയാണ് വേണ്ടത്.
ഈശ്വര ഭക്തി: ഈശ്വരനെകുറിച്ചുള്ള ശരിയായ അറിവില്ലായ്മയാണ് മനുഷ്യ മനസുകളെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും നയിക്കുക. അകവും പുറവും തിങ്ങുന്ന മഹിമാവാര്‍ന്ന ഈശ്വര സ്വരൂപത്തെ ഗുരു ദൈവദശകത്തിലൂടെ തുറന്നു കാണിക്കുന്നു. ആ ഈശ്വരനെ അറിയുവാനുള്ള ഉപാധിയായിസഗുണ ഉപാസനെയെ (ക്ഷേത്രാരാധനയെ) ഗുരു മാറ്റിയെടുത്തു. അതോടൊപ്പം ജന്തുബലി തുടങ്ങിയ അനാചാരങ്ങളെ നിഷേധിക്കുകയും ചെയ്തു. അധമമായ ആരാധനസാമ്പ്രദായങ്ങളില്‍ നിന്നും സ്വാതികമായ ആരാധനയിലേക്കും സ്വാതിക ആരാധനയില്‍ നിന്നും നിര്‍ഗുണമായ ധ്യാന മനനത്തിലേക്കും മനുഷ്യമനസ്സിനെ ക്രമാനുഗതമായി ഗുരു ഉയത്തികൊണ്ട് പോകുന്നത് ക്ഷേത്ര പ്രതിഷ്ഠകളെ ചരിത്രപരമായി പഠിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നതാണ്.

സംഘടന: അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സംഘടനാ ശക്തി അനിവാര്യമാണ്. ശിഥിലമായി കിടക്കുന്ന ജനശക്തി സമാഹരിച്ച് ഒരു സംഘടനയില്‍ കേന്ദ്രീകരിച്ച് ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി ആ ശക്തിയേ വിനിയോഗിക്കുമ്പോള്‍ എതിരാളികള്‍ എത്ര ശക്തര്‍ ആണെങ്കിലും സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ അവര്‍ക്ക് നിറവേറ്റിത്തരേണ്ടിവരും. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം തുടങ്ങി വാടപ്പുറം വാവയുടെ നേതൃത്വത്തിലുള്ള തൊഴിലാളി പ്രസ്ഥാനം വരെ ശ്രീനാരായണ ഗുരുദേവന്റെ അത്മീയ ശക്തിയുടെ ഭൗതിക രൂപമാണെന്ന് ചരിത്രം നമ്മേ പഠിപ്പിക്കുന്നു. ശിവഗിരിയിലെ സംഘടനാ സമ്മേളനങ്ങളില്‍ ദേശ വിദേശങ്ങളിലുള്ള സംഘടനാ പ്രതിനിധികള്‍ എല്ലാ വര്‍ഷവും സംഗമിക്കുകയും അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവക്കുകയും ചെയ്യുന്നത് ഏറേ ശ്രദ്ധ്രയമാണ് .
കൃഷി:- കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്, എന്ന് ഗുരു പറയുകയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ആഹാരത്തിന് വേണ്ടിയാണ് കൃഷി ചെയ്യുന്നത്. ആ കൃഷിയില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും അതിപ്രസരമുണ്ടായാല്‍ അത് ഭക്ഷ്യ ശൃംഗലയെ ബാധികും മനുഷ്യന്റെ മാത്രമല്ല ഇതര ജീവജാലങ്ങളുടെയും പ്രകൃതിയുടെ തന്നെയും സന്തുലികാവസ്ഥയെ അത് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുകളില്‍ ഉള്ള വിഷസാനിധ്യം മനുഷ്യരെ രോഗങ്ങളിലേക്ക് നയിക്കുകയും ആന്തരീക അവയവങ്ങള്‍ നശിച്ച് അകാല മരണത്തിനു വരെ വഴിവെക്കുകയും ചെയുന്നു. അതിനാല്‍ വിഷമുക്തമായ കൃഷിരീതികളെ പ്രോല്‍സാഹിപ്പിക്കുകയും ജീവന്റെ നിലനില്‍പിന് ആധാരമായ അന്നം സംശുദ്ധമാകുകയും ചെയേണ്ടത് സമൂഹത്തിലെ നിലനില്‍പ്പിന് അത്യാവശ്യഘടകമാണ്. പാരമ്പര്യ കൃഷിരീതിയില്‍ നിന്നും പിന്തിരിഞ്ഞു നില്‍ക്കുന്ന യുവ തലമുറയെ നൂതന കൃഷിരീതിയില്‍ പരിശീലിപ്പിച്ചു പുതിയൊരു കൃഷി സമ്പ്രദായത്തിനും ഭക്ഷ്യസംമ്പ്രദായത്തിനും രൂപം കൊടുക്കുവാനുള്ള അറിവുകള്‍ വിദ്ധക്തരില്‍ നിന്നും നാം സാംശീകരിക്കേണ്ടതുണ്ട്. ശിവഗിരിയിലെ കാര്‍ഷിക സമ്മേളനങ്ങളും കാര്‍ഷിക പ്രദര്‍ശനവുമെല്ലാം തലമുറകളെ നൂതനമായ കൃഷിരീതികളെയും, യന്ത്രങ്ങളെയും, പരിചയപെടുത്തുവാന്‍ സഹായിച്ചിട്ടുണ്ട്. അത് വിപുലീകരിക്കാന്‍ സാധിച്ചാല്‍ ഈ മേഖലയില്‍ വലിയൊരു പരിവര്‍ത്തനത്തിന് സാധ്യതയുണ്ട്.

കച്ചവടം: ധാര്‍മ്മികമായ കച്ചവടരീതികള്‍ അവലംമ്പിക്കുകയും ഉല്പാദകന് ലഭിക്കേണ്ടുന്ന വിഹിതം കൃത്യമായി ലഭിക്കത്തക വിധത്തില്‍ ചൂഷണ രഹിതമായ കച്ചവട സംസ്‌കാരത്തെയാണ് ആധുനിക സംസ്‌കാരം പ്രോത്സാഹിപ്പിക്കേണ്ടത്. കച്ചവടം എന്നത് സ്വാര്‍ത്ഥലാഭത്തിന് അപ്പുറമുള്ള ഒരു സാമൂഹിക പ്രതിബന്ധത കൂടിയാണ് എന്ന് തിരിച്ചറിയുമ്പോഴാണ് സമൂഹമനസ്സിന് പുതിയ കച്ചവട വ്യവസ്ഥിതികള്‍ ഉത്സാഹവും വിശ്വാസവും ഉണ്ടാവുകയുള്ളൂ. ജീവന ഉപാധിയായ കച്ചവടത്തെ ജീവന് ഉപരിയായി കാണുന്ന എത്രയോ കച്ചവട സ്ഥാപനങ്ങള്‍ വേണ്ട വിധത്തിലുള്ള സഹായ ഹസ്തകളും സാമൂഹിക പിന്തുണയും ലഭിക്കാത്തത് മൂലം നിര്‍ത്തിവയ്ക്കപ്പെടുകയും പലായനം ചെയുകയും ചെയ്തിട്ടുണ്ട്. മാനുഷ്യ മനസാക്ഷി അധവാ പൊതുബോധം ഇത്തരം വിഷയങ്ങളില്‍ അറിവുകൊണ്ട് ഉണര്‍ന്നിരുന്നാല്‍ ഇതു സംഭവിക്കുകയില്ല .ശിവഗിരി തീര്‍ത്ഥാടനം ഈ അറിവിന്റെ ഉണര്‍വിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.

കൈത്തൊഴില്‍: ഈ ആധുനിക കാലഘട്ടത്തില്‍ പുതിയ വെല്ലുവിളികളെ നേരിടുന്ന കൈതൊഴില്‍ മേഘലയെ കൈപിടിച്ച് കേറ്റുകയും പാരമ്പര്യ രീതികളെ നമ്മുടെ പൈതൃകമായിട്ടെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്. അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കൈത്തൊഴില്‍ രീതികള്‍ പ്രോത്സാഹിപ്പിച് വിദേശ വിപണനത്തെ ലക്ഷ്യമാക്കി പ്രസ്തുത മേഖലയെ ഗവണ്‍മെന്റിന്റെ സഹായത്തോടെ കൂടി പദ്ധതികള്‍ ആവിഷ്‌കരിച് നൂതനമാക്കുവാന്‍ കഴിഞ്ഞാല്‍ സാധുക്കളായ വലിയൊരു വിഭാഗത്തിന് അത് ആശ്വാസം പകരുന്നതോടൊപ്പം നമ്മുടെ പാരമ്പര്യ രീതികള്‍ സംരക്ഷിക്കുകപ്പെടുകയും ചെയ്യും.

സാങ്കേതിക ശാസ്ത്ര പരിശീലനം: ശാസ്ത്രവും ശാസ്ത്രബോധവും ഇന്ന് വളര്‍ന്ന് സൂര്യ ചന്ദ്രന്മാരെയും ചക്രവാള സീമകളെയും കീഴടക്കിക്കൊണ്ടിരിക്കുകയുമാണല്ലോ നൂതന സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ കൊച്ചുകുട്ടികള്‍ക്കു പോലും വിരല്‍ തുമ്പില്‍ ലോകത്തുള്ള എല്ലാ വിജ്ഞാനങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയെ ശാസ്ത്രത്തിന്റെ അനന്ത സാധ്യതകളോടൊപ്പം അവയുടെ ഗുണദോഷ ഫലങ്ങളെക്കുറിച്ചു ബോധവാന്മാരാക്കി ഗുണഭലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സാങ്കേതിക ശാസ്ത്ര രംഗത്ത് ഇന്നുള്ളതിനേക്കാള്‍ ഇരട്ടി പരിവര്‍ത്തനം സാധ്യമാകും ചെറുപ്പം മുതലേ കൈകാര്യം ചെയുന്ന ഉപകരണങ്ങളുടെ ഉപയോഗം എന്നതിലുപരി ആ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ സംയോജിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുടെ ഘടന വിശേഷത്തെ കുറിച് അറിയുവാനുള്ള തൃഷ്ണ ബാല മനസുകളില്‍ ജനിപ്പിക്കുകയാണെങ്കില്‍ അവരുടെ ശ്രദ്ധാ ശക്തി ഉപകരങ്ങളുടെ മാസ്മരികതയില്‍ നിന്നും ക്രിയാത്മകവും പ്രയോജന പ്രദവുമായ സാങ്കേതിക മേഖലകളിലേക്കുകടക്കും എന്നതില്‍ സംശയമില്ല. എല്ലാത്തിനും ഉപയോഗിക്കുന്നത് അറിവാണ് .ആ അറിവിന്റെ മൂല്യബോധമാണ് മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നത്.

തീര്‍ത്ഥയാത്രകള്‍ നടത്തി കൈയില്‍ നിന്നും പണം ചിലവാക്കി വളരെ സമയം ചിലവഴിച്ചു മനുഷ്യന്‍ ക്യൂ നിന്ന് ദൈവത്തെ കാണുന്ന തീര്‍ഥാടനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മനുഷ്യന് വേണ്ടുന്ന സമഗ്രമായ അറിവു പകര്‍ന്നു അവരിലെ ആത്മബോധത്തെയും ഉണര്‍ത്തി അവര്‍ക്കു വേണ്ടുന്നതാകുന്ന അറിവ് പകരുന്ന തീര്‍ത്ഥാടനമായി ശിവഗിരി തീര്‍ത്ഥാടനം നില കൊള്ളുകയാണ്. അതുകൊണ്ടാണ് ഈ തീര്‍ത്ഥാടനം അറിവിന്റെ തീര്‍ത്ഥാടനം എന്ന് വിഖ്യാതമായത് ലോകപ്രസിദ്ധരായ ആത്മീയ അചാര്യന്മാരെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരേയും, സാഹിത്യവിശാദരന്മാരെയും, സാങ്കേതിക വിദഗ്ദാന്മാരും, കൃഷിക്കാരും, പ്രമുഖ വ്യവസായികളും കലാകായിക താരങ്ങളും ഒത്തുകൂടുന്ന ഇതുപോലൊരു തീര്‍ത്ഥാടനം ലോകത്തുണ്ടോ എന്ന് സംശയമാണ്. തീര്‍ത്ഥാടന വേദിയില്‍ നടക്കുന്ന സമ്മേളങ്ങളില്‍ അതാതു വിഷയത്തിലുള്ള അവരവരുടെ അറിവുകള്‍ ഗുരു സന്നിധിയില്‍ സമൂഹ നന്മക്കായി പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു. വിഭാഗീയ ചിന്തകള്‍ വെടിഞ്ഞു ജാതി മത ഭേദമില്ലാതെ ഏവരും ഈ വേളയില്‍ ശിവഗിരിയില്‍ സംഗമിച്ചിരുന്നു എങ്കില്‍ ലോകത്തു തന്നെ അതൊരു വലിയ മാറ്റത്തിനു തുടക്കം കുറിക്കുമായിരുന്നു.

ശിവഗിരിക്കും തീര്‍ത്ഥാടത്തിനും ജാതി മത ഭേദമില്ലെങ്കിലും ശിവഗിരിയെയും തീര്‍ത്ഥാടനത്തെയും പലരും ഭേതദൃഷ്ട്യ നോക്കികാണുന്നത് വേദനാജനകമാണെന്ന് പറയാതെ വയ്യ. ഭാരതത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയില്‍ ശിവഗിരി തീര്‍ത്ഥാടനവും ഇവിടുത്തെ വിജ്ഞാന പ്രദമായ സമ്മേളനങ്ങളും ചര്‍ച്ചചെയ്യേണ്ട കാലം അതിക്രമിച്ചു. ആചാരം പോലെയോ അനുഷ്ടാനം പോലെയോ വര്‍ഷം തോറും തുടര്‍ന്ന് വരുന്നതിനപ്പുറം ഇവിടെ നിന്നും ഉയരുന്ന അറിവിന്റെ സന്ദേശം ചര്‍ച്ചചെയ്യപ്പെടുമ്പോഴും വിലയിരുത്തപ്പെടുമ്പോഴുമാണ്. ഗുരുദേവന്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ പ്രഭുല്ലമാക്കുന്നത് അത് ശ്രദ്ധിക്കേണ്ടത് മാധ്യമങ്ങളാണ്. ശിവഗിരിയിലെ സന്ദേശങ്ങളുടെ സാരാംശങ്ങള്‍ ജനമനസ്സുകളിലേക്ക് എത്തിക്കുകയും സമൂഹ നന്മക്കു വേണ്ടി മാധ്യമങ്ങള്‍ പരമാവധി പരിശ്രമിക്കുകയും ചെയ്താല്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഗുണ ഫലം സമൂഹത്തില്‍ പ്രീതിഭലിച്ച് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും എന്നതില്‍ സംശയമില്ല.

2024 കഴിഞ്ഞു 2025 ലേക്ക് ലോകം നീങ്ങുമ്പോള്‍ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ധര്‍മ്മ രശ്മികളും വിശുദ്ധിയും ഹൃദയത്തില്‍ ആവാഹിച്ചു പുതുവര്‍ഷത്തില്‍ പുതിയ അറിവ് നേടി പുതിയ മനുഷ്യരാകുവാന്‍ ഏവരെയും ശിവഗിരിയിലെ പുണ്യ ഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം പുതുവാത്സരാശംസകളും നേരുന്നു- സ്വാമി അസംഗാനന്ദഗിരി

Share this Article

Leave a Comment