ന്യൂഡല്‍ഹി: ഒക്ടോബര്‍ 31, ഇന്ന് ദേശീയ ഏകതാ ദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ് രാജ്യം ഏകതാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായിരുന്നു. രാഷ്ട്രത്തിന്റെ ഏകതയും സമഗ്രതയും സുരക്ഷയും സംരക്ഷിക്കുന്നതിനായും ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുമാണ് ഏകതാ ദിനം ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഏകീകരിക്കാന്‍ പട്ടേല്‍ നടത്തിയ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടി പൗരന്മാര്‍ക്കിടയില്‍ ദേശീയ ഏകീകരണവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ദിനമാണിത്. അദ്ദേഹത്തിന്റെ മഹത്വത്തെ ആദരിക്കാനും, ഐക്യത്തിന്റെ സന്ദേശം ശക്തിപ്പെടുത്താനുമായി ഇന്ന് രാജ്യമെമ്പാടും വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ആചരണത്തിന്റെ ഭാഗമായി രാഷ്ട്രീയ ഏകതാ പ്രതിജ്ഞയെടുക്കല്‍, പദയാത്ര, ഏകതയ്ക്കായുള്ള കൂട്ടയോട്ടം എന്നിവ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലും ലോകമൊട്ടാകെയും തലവന്‍ എന്ന് അര്‍ത്ഥം വരുന്ന സര്‍ദാര്‍ എന്ന പേരില്‍ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. ശിഥിലമായി കിടന്നിരുന്ന സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയത് പട്ടേലായിരുന്നു. 565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേല്‍ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴില്‍ കൊണ്ടു വന്നു. ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന പട്ടേലിന്റെ ജന്മദിനം ഏകതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ്. ദേശീയ അഖണ്ഡത പ്രോത്സാഹിപ്പിക്കാനും നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനുമുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഏകതാ ദിനത്തിന്റെ പ്രഖ്യാപനം. ഈ ദിവസം സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതില്‍ ഓരോ പൗരന്റെയും പങ്ക് ഊന്നിപ്പറയുകയും ശക്തമായ ഒരു രാഷ്ട്രത്തിനായുള്ള കൂട്ടായ ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു. വിവിധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്, ഐക്യം എന്നാല്‍ ഏകീകൃതതയല്ല എന്ന ആശയത്തെ ഇത് ശക്തിപ്പെടുത്തുന്നു. രാഷ്ട്രീയ ഏകതാ ദിവസ് ഇന്ത്യന്‍ പൗരന്മാരില്‍ അഭിമാനബോധവും ഏകീകൃത ഇന്ത്യയുടെ ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധതയും വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
പ്രതിജ്ഞ
” രാഷ്ട്രത്തിന്റെ ഏകതയും സമഗ്രതയും സുരക്ഷയും സംരക്ഷിക്കുന്നതിനായും ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായും സ്വയം സമര്‍പ്പിക്കുന്നതായി ഞാന്‍ സഗൗരവം പ്രതിജ്ഞ ചെയ്യുന്നു. രാഷ്ട്രം ഏകീകരിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വീക്ഷണത്തേയും പ്രവൃത്തിയേയും ഉള്‍ക്കൊണ്ടുകൊണ്ട് രാഷ്ട്രത്തിന്റെ ഏകീകരണത്തിനായുള്ള ചേതനയും ഈ പ്രതിജ്ഞയിലൂടെ ഞാന്‍ ഏറ്റെടുക്കുന്നു. രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കായി എന്റേതായ പങ്ക് വഹിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.