Newsperseconds.com

ഗുരുവിന്റെ മഹിതസവിധത്തിലേക്ക് ഒരു തീര്‍ത്ഥാടനം…സ്വാമി സാന്ദ്രാനന്ദയുടെ വാക്കുകള്‍

Sree

ഒരു സ്ഥലം തീര്‍ത്ഥാടനകേന്ദ്രമായി പരിണമിക്കുന്നത് എപ്പോഴാണെന്ന് ചിന്തിച്ചാല്‍ നമുക്ക് വളരെ പുറകിലേക്ക് പോകേണ്ടിവരും അതിന് ഉത്തരം ലഭിക്കാന്‍. ഭാരതത്തില്‍ എത്രയോ പുണ്യമായ തീര്‍ത്ഥഘട്ടങ്ങളുണ്ട്. ഉദാഹരണം കാശി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ്, ഋഷികേശ്, മുതലായവ. ഈ ധാമങ്ങളെല്ലാം എങ്ങനെ തീര്‍ത്ഥസ്ഥലങ്ങളായി മാറി? ഒന്നോര്‍ക്കണം, ഇവിടത്തെ ക്ഷേത്രങ്ങള്‍ കൊണ്ടല്ല ഇവിടമെല്ലാം തീര്‍ത്ഥസ്ഥലങ്ങളായി മാറിയത്. കുംഭമേളകള്‍ നടക്കുന്നതും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചല്ല. 12 വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? മേല്‍ സൂചിപ്പിച്ച സ്ഥലങ്ങളെല്ലാം തന്നെ സത്യാന്വേഷികളായ മഹാത്മാക്കളുടെ സംഗമഭൂമികളാണ്. അവര്‍ സംഗമിക്കുന്ന, വസിക്കുന്ന ഇടങ്ങളാണ് യഥാര്‍ത്ഥത്തില്‍ തീര്‍ത്ഥസ്ഥലങ്ങള്‍.

മനുഷ്യന്‍ എന്നാണോ ചിന്തിക്കാന്‍ തുടങ്ങിയത് അന്ന് തുടങ്ങി അവന്റെ യഥാര്‍ത്ഥസ്വരൂപത്തിലേക്കുള്ള തിരിച്ചുപോക്ക്. ഭൗതികമായ അല്‍പ സുഖമല്ല ഒരാള്‍ക്ക് വേണ്ടത്. മറിച്ച് അനന്തമായ സീമകളില്ലാത്ത സുഖമാണ് വേണ്ടത്. ഈ തിരിച്ചറിവാണ് ഒരുവനെ യഥാര്‍ത്ഥ സത്യാന്വേഷിയാക്കുന്നത്. ഇങ്ങനെയുള്ള എത്രയോ സത്യാന്വേഷകരില്‍ എണ്ണപ്പെട്ടവര്‍ക്കു മാത്രമാണ് അഹോരാത്രം തപസ്സനുഷ്ഠിക്കുന്നതിലൂടെ സത്യദര്‍ശനം സാക്ഷാത്കരിക്കാനാവുന്നത്. അവരിലെ അവസാനകണ്ണിയായിരുന്നു ഭഗവാന്‍ ശ്രീനാരായണഗുരു. ഗുരു ഈ കഠിനമായ തപസ്സിലേക്ക് ഇറങ്ങുമ്പോള്‍ അന്ധകാരത്തില്‍പെട്ട് നട്ടം തിരിയുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ ദുഃഖിതരായി മനുഷ്യകോലങ്ങളായി ഇവിടെ കഴിയുന്നുണ്ടായിരുന്നു. അവശതയനുഭവിക്കുന്ന വിദ്യാവിഹീനരായ ഈ ജനസമൂഹത്തെ ഉദ്ധരിക്കുവാന്‍ അസാമാന്യബലം ആവശ്യമായിരുന്നു. ആ ബലം തപസ്സിലൂടെ മാത്രമേ കരഗതമാകൂ എന്ന് ആ ഋഷിവര്യനറിയാമായിരുന്നു.

Sivagiri

അങ്ങനെ ഭാരതത്തിന്റെ അടിസ്ഥാനപ്രമാണ ഗ്രന്ഥങ്ങളായ ഉപനിഷത്, ബ്രഹ്മസൂത്രം മുതലായവ ഹൃദിസ്ഥമാക്കിയിട്ട് അതില്‍ അതിഗോപനീയമായിരിക്കുന്ന സത്യത്തെ സാക്ഷാത്കരിക്കാന്‍ വേണ്ടി ഗുരു തിരഞ്ഞെടുത്ത ധാമം മരുത്വാമലയായിരുന്നു. അവിടത്തെ കഠിനമായ തപസ്സിനിടയിലാണ് അഗസ്ത്യമഹര്‍ഷി വിശപ്പകറ്റാനെന്നോണം കുറച്ച് ധാന്യപ്പൊടിയുമായി വന്ന് ദര്‍ശനം കൊടുക്കുകയും അവര്‍ തമ്മില്‍ പലവിധത്തിലുള്ള സംവാദങ്ങള്‍ നടത്തുകയും ചെയ്തത്. ഇനിയങ്ങോട്ട് എന്താണ് ലോകോദ്ധാരണത്തിന് വേണ്ടി ചെയ്യേണ്ടതെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുശേഷം അഗസ്ത്യമുനി തന്റെ ധാമത്തിലേക്ക് മടങ്ങുകയും നാരായണന്‍ നാരായണഗുരുവായി, ഋഷിയായി തനിക്ക് ലഭിച്ച അമൃതത്തെ ലോകര്‍ക്ക് പകുത്ത് കൊടുക്കുവാനായി അരുവിപ്പുറത്ത് എത്തുകയും ചെയ്തു. വിശ്വപ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ സകല അന്ധ വിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ജാതിവ്യവസ്ഥയുടേയും മറ്റും ആധാരശിലയെ ഇളക്കിമാറ്റി പകരം ജ്ഞാനത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആധാരശിലയെ പ്രതിഷ്ഠിച്ചുകൊണ്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ മാലോകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അരുവിപ്പുറത്ത് ഗുരു നടത്തിയ നിശബ്ദവിപ്ലവം ആര്‍ക്കും ഒരു വിധത്തിലും എതിര്‍ക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ളതായിരുന്നു. എന്തെന്നാല്‍ അത് ശ്രുതിയുക്തി അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതായിരുന്നു. അതൊരു ചൈതന്യപ്രവാഹമായിരുന്നു. അഥവാ അമൃതത്വത്തിന്റെമഹാപ്രവാഹമായിരുന്നു. അല്‍പബുദ്ധികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെപോയി. ഇന്നും അതിന്റെ ആഴം ഉള്‍ക്കൊള്ളാന്‍ കെല്‍പുള്ളവരില്ലാതെ പോകുന്നു. എന്തോ മനസ്സിലായി എന്ന് തോന്നുന്നത് ഗുരുവിന്റെ വാക്കില്‍ പറഞ്ഞാല്‍ അന്ധന്‍മാര്‍ ആനയെ കണ്ടതുപോലെ എന്നേ പറയുവാന്‍ സാധിക്കൂ.

ആ അമൃതധാര ക്രമേണ കേരളത്തിന്റെ നാനാ ഭാഗത്തേക്കും കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ശ്രീലങ്കയിലേക്കും പ്രവഹിക്കുവാന്‍ തുടങ്ങി. അപ്പോഴും ഗുരുവിനെ ഒരു സമുദായത്തിനകത്ത് ഒതുക്കി നിര്‍ത്തി ആക്ഷേപിക്കാന്‍ സങ്കുചിതമനസ്സിനുടമകളായ കൂപമണ്ഡൂകങ്ങള്‍ക്ക് തിരക്കായിരുന്നു. കേരളം ഇത്ര മാറിയിട്ടും ലോകം മാറിയിട്ടും കേരളത്തിലെ ജാതിക്കോമരങ്ങള്‍ക്ക്, കുബുദ്ധികള്‍ക്ക് ഗുരുവിനെ ഉള്‍ക്കൊള്ളാന്‍ മനസ്യം. സാരമില്ല, ജ്വലിച്ച് നില്‍ക്കുന്ന സൂര്യന് മുന്‍പില്‍ മേഘങ്ങള്‍ക്ക് എന്ത് സ്ഥാനം. അത് ഓടി പ്പോകും. അതിനെ കാറ്റടിച്ച് പറത്തും. ഇരുട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ അതില്‍ കഴിയട്ടെ. അവര്‍ക്ക് സദ്ബുദ്ധി നല്‍കാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കാം. ടാഗോര്‍, ഗാന്ധിജി, സി. എഫ്. ആന്‍ഡ്രൂസ്, വിനോബാജി ഇവരെല്ലാം ഗുരുവിനെ ശിവഗിരിയില്‍ വന്ന് ദര്‍ശിക്കുകയും ഗുരുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാവുകയും ചെയ്തവരാണ്. ഗാന്ധിജിയുടെ ജാതിസങ്കല്‍പം മാറ്റിക്കൊടുത്തത് ഗുരുവായിരുന്നു. ബ്രഹ്മവിദ് ബ്രഹ്മൈവഭവതി എന്ന പ്രമാണം അനുസരിച്ച് ബ്രഹ്മത്തെ ഈശ്വരനെ അറിയുന്നവന്‍ ബ്രഹ്മം തന്നെയാണ്. ഇപ്രകാരം ബ്രഹ്മവിത്തുക്കള്‍ താമസിക്കുന്ന ഇടം തന്നെയാണ് തീര്‍ത്ഥം. ഇതിന്റെ ശാസ്ത്രീയത അറിഞ്ഞോ അറിയാതെയോ ആണ് കിട്ടന്‍ റൈട്ടറും വല്ലഭശ്ശേരിയും ഭക്തിയുടെ നിറവില്‍ ഭഗവാന്റെ അടുത്ത് തീര്‍ത്ഥാടനാനുമതിയ്ക്കായി അപേക്ഷിച്ചത്.

Sree Guru

ഭഗവാന്‍ കരുണാമയനായതുകൊണ്ട് ഭക്തന്റെ പ്രാര്‍ത്ഥന കേട്ടു അനുവാദം കൊടുത്തു. കൂടെ ഒരു ചോദ്യവും നാം അനുവദിച്ചാല്‍ ശിവഗിരി തീര്‍ത്ഥ സ്ഥാനമാകുമോ എന്ന്. ഭക്തരുടെ ഉറപ്പിന്റെ ആഴം പരീക്ഷിക്കുവാനായിരുന്നു ആ ചോദ്യം. അവി ടത്തെ അനുവാദവും അനുഗ്രഹവും ഉണ്ടെങ്കില്‍ അങ്ങനെതന്നെയാകും എന്ന് ശിഷ്യര്‍. ഭാവിയില്‍ അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു. അതിന്റെ ലക്ഷ്യത്തെ പക്ഷേ ഗുരു ഈ അനുവാദത്തില്‍ മാത്രം ഒതുക്കിയില്ല. വെറുതെ ഒരു സ്ഥലത്ത് വന്ന് കുളിച്ച് തൊഴുത് പോകുന്നതുകൊണ്ട് മാത്രം അതിന് ഫലമില്ലെന്ന് ഗുരു പറഞ്ഞു. മറ്റൊരര്‍ത്ഥത്തില്‍ അതായത് സൂക്ഷ്മമായ അര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ വെറുതെ ജനിച്ച് മരിച്ച് പോയതുകൊണ്ട് യാതൊരര്‍ത്ഥവുമില്ലെന്നും മനുഷ്യജന്മത്തിന്റെ അപൂര്‍വ്വത മനസ്സിലാക്കി വേണം നാം ജീവിക്കേണ്ടത് എന്നും തീര്‍ത്ഥാടനത്തിന്റെ എട്ട് ലക്ഷ്യങ്ങളിലൂടെ ഗുരുവരന്‍ പറഞ്ഞ് വച്ചു. ആ ലക്ഷ്യങ്ങള്‍ ഇവയാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍. ശാസ്ത്രസാങ്കേതിക പരിശീലനം പണ്ടത്തെ ഗുരുകുല വിദ്യാഭ്യാസത്തില്‍ ഈ രീ തിയിലുള്ള വിദ്യാഭ്യാസം ഉണ്ടായിരുന്നു. അതു കൊണ്ട് ഇത്രമാത്രം മാനസികപിരിമുറുക്കവും ഇല്ലായിരുന്നു എന്നാണോ ഗുരുകുലവിദ്യാഭ്യാസം അതായത് പൂര്‍ണ്ണവിദ്യാഭ്യാസം നിലച്ചത് അന്ന് തുടങ്ങി മാനസികസംഘര്‍ഷവും നാശവും. ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ സ്വാര്‍ത്ഥതയ്ക്ക് മുന്‍തൂക്കം ഉണ്ടാകുന്നതാണ്. അതുകൊണ്ടാണ് മനുഷ്യന്‍ ഇത്രമാത്രം അധഃപതിച്ചത്. മനുഷ്യനെ അവന്റെ വികാരവിചാരങ്ങളെ അവന്റെ ജീവിതലക്ഷ്യത്തെ സമഗ്രമായി പഠിച്ചനുഭവിച്ച ഒരാള്‍ക്ക് മാത്രമേ വഴികാട്ടാനാകൂ. അപ്രകാരം നേരാംവഴി കാട്ടിയ ഒരു ശാസ്ത്രജ്ഞനായിരുന്നു ഗുരു. ആ ഗുരുവിനെ സമീപിക്കുമ്പോള്‍ ഗുരുവില്‍ നിന്ന് പകരേണ്ടത് ഇപ്രകാരമുള്ള അറിവാണെന്ന് അറിഞ്ഞിരുന്നവര്‍ തുച്ഛം. ഇന്നും അറിയുന്നവര്‍ പരിമിതമാണ്.

ഗുരുവിന്റെ പേരില്‍ ഉപജീവനം നടത്തുന്നവരാണ് അവരില്‍ത്തന്നെ അധികവും. ഇതറിഞ്ഞുകൊണ്ടാണ് ഈ തീര്‍ത്ഥസ്ഥലത്ത് വരുമ്പോള്‍ ഇങ്ങനെ അറിവ് നേടി പോകണമെന്ന് ഗുരുവരുളിയത്. ജീവിതത്തിലെ വിളക്കായി ഈ അറിവ് മാറട്ടെ. ‘അരുളുള്ളവനാണ് ജീവി എന്ന് ഗുരു പറയുമ്പോള്‍ അതിന്റെ ആഴം എത്ര മാത്രമെന്ന് നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അറിവില്ലാതെ ഈ ലോകം വിട്ടുപോകുമ്പോള്‍ മനുഷ്യരൂപേണ മൃഗാഃചരന്തി എന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഗുരു നിഷ്‌കര്‍ഷിക്കുന്നു. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോ ദരത്വേന വാഴുന്ന മാതൃകാസ്ഥാന സൃഷ്ടിക്ക് ഈ പൂര്‍ണ്ണജ്ഞാനം കൂടിയേ തീരൂ. ഈ രീതിയില്‍ ശിവഗിരി തീര്‍ത്ഥാടനം അറിവിന്റെ തീര്‍ത്ഥാടനമാക്കി മാറ്റേണ്ടത് മഠത്തിന്റെയും ഗുരുഭക്തരു ടെയും കടമയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഇവിടെ തമ്മില്‍ തമ്മില്‍ പിച്ചിച്ചീന്താനല്ല, മറിച്ച് അവനവന്റെ ഉള്ളിലെ ഇരുട്ടിനെ പിച്ചിച്ചീന്തി പുറത്തെറിയാനുള്ള ഒരാര്‍ജ്ജവം നേടി തിരിച്ച് പോകുവാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. അപ്പോള്‍ ജീവിതം കൃതകൃത്യമാകും. ഈ തീര്‍ത്ഥാടനം ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം കൊടുത്തുകൊണ്ട് ചിട്ടപ്പെടുത്തുവാ ന്‍ ശ്രമിക്കുകയാണ് ശിവഗിരിമഠം. ശുചിത്വം കൊണ്ട് കേവലം ബാഹ്യമായ ശുചിത്വം മാത്രമല്ല ഗുരുദേവന്‍ വിഭാവനം ചെയ്തത്. മറിച്ച് ആന്തരികമായ ശുചിത്വവും കൂടിയാണ്. ശരീരശുദ്ധി, വാക് ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി ഇങ്ങനെ അഞ്ച് വിധത്തിലുള്ള ശുദ്ധിയാണ് പ്രധാനമായും പ്രഥമമായും ആചരിക്കേണ്ടത്. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ വ്യക്തിയും ഗൃഹവും മാത്രമല്ല രാഷ്ട്രവും ലോകവും നന്നാവും. കാരണം വ്യക്തിയുടെ പരിവര്‍ത്തനത്തിലൂടെ മാത്രമേ സമഗ്രമായ മാറ്റം സമൂഹത്തില്‍ സംഭവിക്കുകയുള്ളൂ എന്നത് ഒരു ശാസ്ത്രീയമായ സത്യമാണ്. ഉത്തമമായ വ്യക്തിത്വരൂപീകരണം സംസ്‌കാരസമ്പന്നതയെയാണ് ലക്ഷ്യമാക്കുന്നത്. സംസ്‌കാരസമ്പന്നത ഈ പഞ്ചശുദ്ധിയിലൂടെ സാധിക്കും.

Mutt

ഉദാഹരണത്തിന് നാം വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ എന്തെല്ലാം പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. നേരേ മറിച്ച് ശരിയായ വാക്ക് ശരിയായ സമയത്ത് ഉപയോഗിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് സന്തോഷവും സുഖവും പ്രദാനം ചെയ്യും. അത് തിരിച്ചായാലോ? ജീവിതകാലം മുഴുവന്‍ വേദനിച്ച് കഴിയേണ്ടിവരും. മറ്റൊരാള്‍ക്ക് വേദനയുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കരുതെന്ന് ഗുരു മുന്നറിയിപ്പ് നല്‍കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാക്കിന്റെ ശുദ്ധി. ഇത് പകര്‍ന്ന് ലഭിക്കേണ്ടത് ഗൃഹത്തില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമാണ്. കുഞ്ഞുന്നാള്‍ മുതല്‍ ശ്രമിച്ചാലേ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ. അതുപോലെ തന്നെ ശരീരശുദ്ധിയും ഇന്ദ്രിയശുദ്ധിയും ഗൃഹശുദ്ധിയും. ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് മനഃശുദ്ധി.

മനുഷ്യമനസ്സിന്റെ അശുദ്ധിയെന്തെന്ന് നമ്മള്‍ അന്വേഷിച്ച് ചെല്ലുമ്പോഴാണ് നാം തിരിച്ചറിയുന്നത് കാമക്രോധലോഭമോഹമദമാത്സര്യങ്ങളാണ് അവ എന്ന്. ഈ അഴുക്കുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്താല്‍ പിന്നെ അവന് ഒരിക്കലും ശാന്തിതേടി ആത്യന്തികസുഖം തേടി ക്ഷേത്രത്തിലോ പള്ളിയിലോ മോസ്‌കിലോ പോകേണ്ടിവരില്ല. ഈ ദുഷ്ടവൈരികളെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ദേവാലയങ്ങള്‍. എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഇവയെ വര്‍ദ്ധിപ്പിക്കുന്ന ഇടങ്ങളായി അവമാറി എന്നത് ഒരു സത്യമാണ്. നമ്മുടെ മനസ്സിലാണ് അഥവാ അകത്താണ് പ്രശ്‌നങ്ങളെന്ന് തിരിച്ചറിഞ്ഞു മനുഷ്യജന്മം കൃതകൃത്യമാക്കേണ്ടതുണ്ട്.സമൂഹത്തില്‍ ഭൂരിഭാഗം പേരും ഈശ്വരവി ശ്വാസികളായിരുന്നിട്ടും എന്തുകൊണ്ട് ഇവിടെ ഓരോ നിമിഷവും അസ്വസ്ഥത ഉടലെടുക്കുന്നു. വളരെ ഗൗരവപൂര്‍വ്വം കാണേണ്ട ഒന്നാണിത്. ഈശ്വരന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രപഞ്ചത്തിലെല്ലാം കുടികൊള്ളുന്നത് ഈശ്വരാംശമെങ്കില്‍ എന്തിന് നാം പരസ്പരം കലഹിക്കുന്നു. ആര്‍ക്ക് വേണ്ടി, എത്ര നാളേക്ക്? അടുത്തനിമിഷം ഈ ശരീരത്തില്‍ നിന്നും ജീവന്‍ വിട്ട് പോയാല്‍ പിന്നെ ശവമായി. ഈശ്വരഭക്തന്മാരെന്നഭിമാനിക്കുന്നവര്‍ മനസ്സിന്റെ ശുദ്ധിക്കല്ല പ്രാധാന്യം കൊടുക്കുന്നത്, മറിച്ച് അവന്റെ ഉള്ളിലുള്ള സ്വാര്‍ത്ഥതയ്ക്കാണ്. ഈ സ്വാര്‍ത്ഥതയെ അവന്‍ വിശ്വാസമായും മതമായും ഭക്തിയായും സ്‌നേഹമായും മറ്റും അവതരിപ്പിക്കുന്നു. സ്വാര്‍ത്ഥതയെ പാലൂട്ടി വളര്‍ത്തുമ്പോള്‍ എങ്ങനെ ഈ ധരയില്‍ കുടുംബത്തില്‍ വ്യക്തിയില്‍ ശാന്തി വളര്‍ത്തുവാന്‍ കഴിയും? എങ്ങനെ നമുക്ക് മനസ്സ് തുറന്ന് മന്ദഹസിക്കുവാന്‍ കഴിയും?

ഇവിടെയാണ് ഗുരുവിന്റെ മനഃശുദ്ധിയെന്ന ഉപദേശത്തിന്റെ പ്രസക്തി നമ്മെ ഇരുത്തിചിന്തിപ്പിക്കുന്നത്. ഗുരു പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്തി മനുഷ്യനെ ചികിത്സിക്കുവാന്‍ ശ്രമിക്കുകയാണ്. പക്ഷേ അപ്പോഴും ഇരുട്ടില്‍ നിന്നും മാറാതെ നില്‍ക്കുന്നവരോട് സഹതപിക്കുവാനല്ലാതെ നമുക്കു എന്ത് ചെയ്യാന്‍ സാധിക്കും. മുന്‍വിധികളില്ലാതെ നമുക്ക് ഗുരുവിനെ ശ്രവിക്കുവാനും നമ്മുടെ മനസ്സിനെ നിരീക്ഷിക്കുവാനും ശ്രദ്ധിക്കുവാനും സാധിക്കണം. അപ്പോള്‍ സങ്കീര്‍ണ്ണമായ മനസ്സിന്റെ വികല്‍പങ്ങളെ തിരിച്ചറിയാന്‍ സാധിക്കും.അതിന് ക്ഷമയും തിതിക്ഷയും അത്യന്താപേക്ഷിതമാണ്. വെളിച്ചമില്ലാതെ നട്ടംതിരിയുന്ന മനുഷ്യര്‍ക്ക് പ്രകാശഗോപുരം തീര്‍ത്ത് ഗുരു കാത്തിരിക്കുന്നു. നമ്മള്‍ കണ്ണ് തുറന്ന് നോക്കിയാല്‍ മതി. ഞാന്‍ കണ്ണ് തുറക്കില്ല. പക്ഷെ എനിക്ക് വെളിച്ചം വേണം എന്ന് ശഠിക്കുന്നവരെ എങ്ങനെ രക്ഷിക്കും? അവന് എങ്ങനെ സമൂഹത്തിന് മാതൃകയാകാന്‍ സാധിക്കും. ഇന്ന് സമൂഹത്തെ നയിക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും സ്വാ ര്‍ത്ഥതയാല്‍ അന്ധരായവരാണ് എന്ന് സൂക്ഷിച്ച് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

കാമക്രോധലോഭമോഹമദമാത്സര്യാദികളെ തിരിച്ചറിഞ്ഞ് അതിവര്‍ത്തിക്കുവാന്‍ പ്രാപ്തമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടി നമുക്ക് ഒരുമിക്കാം. ഗുരുവിന്റെ ശുചിത്വമെന്ന അതിവിശാലവും മഹത്തുമാര്‍ന്ന ആശയത്തെ ഉള്‍ക്കൊള്ളുവാന്‍ പ്രാപ്തമായ ഒരു സാഹചര്യം സൃഷ്ടിക്കുവാന്‍ ഈ തീര്‍ത്ഥാടനവേളയില്‍ നമുക്ക് ശ്രമിക്കാം. ‘സ്വല്പമപ്യസ്യ ധര്‍മ്മസ്യത്രായതോ മഹതോഭവാത് ‘ എന്ന് പറയുന്നതുപോലെ കുറച്ചെങ്കിലും പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍ അത്രയും ഉന്നതി വരുത്താനാകും. സ്‌നേഹശൂന്യമായ, വറ്റിവരണ്ട, മനുഷ്യത്വമില്ലാത്ത ഈ സമൂഹത്തില്‍ ആശാനാളമായി അവശേഷിക്കുന്നത് ഗുരുവിന്റെ ഈ മഹിതവാണികളാണ്. ഈ മഹിതവാണികളെ ലോകത്തിന് മുന്‍പില്‍ വാരിവിതറാന്‍ ഈ അവസരം നമ്മള്‍ക്ക് ഉപയോഗിക്കാം. ദുഃഖഭൂയിഷ്ടമായ ഈ സംസാരജീവിതത്തില്‍ നിന്നും അക്കരെ പറ്റുന്നതിന് ഈ അറിവിന്റെ തോണിയിലേറി നമുക്ക് അഹങ്കാര ഹിതരായി തുറന്ന ഹൃദയവുമായി പോകാം ഗുരുവിന്റെ മഹിതസവിധത്തിലേക്ക്. ആ ഋഷിവര്യന്റെ അനുഗ്രഹത്തിന് വേണ്ടി ശിവഗിരിയിലേക്ക്.

Share this Article

Leave a Comment