Newsperseconds.com

കൊല്ലത്തെ വാഹനാപകടം; കാര്‍ മുന്നോട്ട് എടുക്കാന്‍ പറഞ്ഞത് അജ്മലിനൊപ്പം സഞ്ചരിച്ചിരുന്ന ഡോ. ശ്രീക്കുട്ടി; ഇരുവരും മദ്യപിച്ചിരുന്നുവെന്ന് വൈദ്യപരിശോധനാ ഫലം

Untitled 1

കൊല്ലം: ആനൂര്‍കാവിലെ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അജ്മലിനൊപ്പം സഞ്ചരിച്ചിരുന്ന ഡോ. ശ്രീക്കുട്ടിയും പ്രതി. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താല്‍ക്കാലിക ഡോക്ടറായിരുന്ന ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ശ്രീക്കുട്ടി കേസില്‍ അകപ്പെട്ടതോടെ ജോലിയില്‍ പുറത്താക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായാണ് വൈദ്യപരിശോധനാ ഫലത്തിലുള്ളത്. കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് വളവ് മുറിച്ചു കടക്കുന്ന ബൈക്കിനെ കാര്‍ വന്ന് ഇടിച്ചു തെറിപ്പിച്ചത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയുമാണ് അപകടത്തില്‍പ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫൗസിയ ചികിത്സയിലാണ്. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. അജ്മല്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് നിഗമനം. ഇയാള്‍ ലഹരിമരുന്ന് കേസില്‍ അടക്കം ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു.

യുവതി കാറിനടിയില്‍ ഉണ്ടെന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞിട്ടും അജ്മല്‍ വാഹനം ശരീരിത്തിലൂടെ കയറ്റുകയായിരുന്നു. കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോള്‍ മതിലിടിച്ച് തകര്‍ത്തു. മുന്നോട്ട് മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയില്‍ വെച്ച് പോസ്റ്റില്‍ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെവെച്ചാണ് നാട്ടുകാര്‍ യുവതിയെ പിടികൂടിയത്.

Share this Article

Leave a Comment