ശബരിമലയിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടക്കുന്ന മോഷണങ്ങളും ആചാരലംഘനങ്ങളും സംബന്ധിച്ച് ശക്തമായ ആരോപണങ്ങളുമായി സ്വാമി ഭദ്രാനന്ദ്. തന്ത്രി കുടുംബത്തിന്റെ അറിവില്ലാതെ ശബരിമലയിൽ ഒരു മോഷണവും നടക്കില്ലെന്നും, തന്ത്രിമാരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിൽ നടന്നിട്ടുള്ള ആചാരലംഘനങ്ങൾ എല്ലാം തന്ത്രി കുടുംബത്തിന്റെ അറിവോടെയാണെന്ന് സ്വാമി ഭദ്രാനന്ദ് ആരോപിച്ചു. വർഷങ്ങൾ മുമ്പ് ഒരു സിനിമാ ടീം ശബരിമലയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.വിദേശ മലയാളികൾ 2014ൽ സമർപ്പിച്ച, ഏകദേശം 12 കിലോ തൂക്കം വരുന്ന ഹരിവരാസനം ആലേഖനം ചെയ്ത സ്വർണ്ണ തളിക ഇപ്പോൾ ശബരിമലയിൽ കാണാനില്ലെന്നത് ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ സ്പെഷ്യൽ ഓഫീസർ, ഈ തളിക ജനങ്ങൾക്ക് കാണുംവിധം സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും, പുതിയ ദേവസ്വം പ്രസിഡന്റ് ജയകുമാർ IAS ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യമുന്നയിച്ചു.
രാജ്യത്തെ ഏറ്റവും കർശനമായ സുരക്ഷയുള്ള ക്ഷേത്രങ്ങളിലൊന്നായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിരന്തരം നടക്കുന്ന മോഷണങ്ങളെയും സ്വാമി ഭദ്രാനന്ദ് വിമർശിച്ചു . നവരത്നമോതിരം, രത്നമാലകൾ, സ്വർണം കെട്ടിയ ശംഖുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ വർഷങ്ങളായി കാണാതായെങ്കിലും ഉത്തരവാദികൾ ആരെന്ന് വ്യക്തമല്ല. വിനോദ് റായ്, ഗോപാൽ സുബ്രഹ്മണ്യൻ എന്നിവരുടെ റിപ്പോർട്ടുകളിൽ ഇതിനെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളുണ്ടെങ്കിലും “നിഗൂഢ ശക്തികൾ” അതിനെ മറച്ചുവെച്ചുവെന്ന് ആരോപണം. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് ഇൻവെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തിയ അത്യപൂർവമായ പൂവട്ടക 2022ൽ കാണാതാവുകയും പകരം മറ്റൊരു വസ്തു വെച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ക്ഷേത്രത്തിലെ ഹനുമാൻ ദേവന്റെ പൗരാണിക വെള്ളി രുദ്രാക്ഷമാലയും കാണാതാവുകയും രണ്ട് ദിവസം കഴിഞ്ഞ് ചവറ്റുകുട്ടയിൽനിന്ന് തിരികെ ലഭിക്കുകയും ചെയ്തുവെങ്കിലും അത് യഥാർത്ഥതാണോ എന്ന് പരിശോധിച്ചിട്ടില്ല. നിവേദ്യത്തിനായി ഉപയോഗിക്കുന്ന കിളിക്കിണ്ണം കാണാതാവുകയും, സ്വർണ്ണ പാത്രമാകേണ്ടതിൽ തിരികെ ലഭിച്ചത് വെള്ളി പാത്രമായിരുന്നു എന്നതും സ്വാമി ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവിൽ, ശ്രീകോവിൽ വാതിലിൽ ഉണ്ടായിരുന്ന സ്വർണ്ണ അലങ്കാരം കാണാതാവുകയും, പിന്നീട് അകത്തെ മണൽ കൂമ്പാരത്തിൽ നിന്നു തിരികെ കിട്ടിയതായും, എന്നാൽ എത്ര പോയി, എത്ര തിരിച്ചുകിട്ടി എന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
–ശതാബ്ദങ്ങളായി പുതുക്കിപ്പണിയേണ്ട ശ്രീപത്മനാഭസ്വാമിയുടെ മൂലവിഗ്രഹം പുനരുദ്ധരിപ്പിക്കാൻ പോലും ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും സ്വാമി ഭദ്രാനന്ദ് ആരോപിച്ചു.