Newsperseconds.com

പാചകവാതക സിലിണ്ടര്‍ ക്ഷാമം: രാജ്യത്തെ റെസ്റ്റോറന്റുകള്‍ പ്രതിസന്ധിയില്‍, കേന്ദ്രം ഇടപെടല്‍ ശക്തമാക്കി

Gas Cylinder

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതിനാല്‍ വലിയ പ്രതിസന്ധിയിലാണെന്ന് ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആരോപിച്ചു. എല്‍പിജി വിതരണത്തില്‍ തടസ്സം തുടർന്നാല്‍ നിരവധി റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരാമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. അതേസമയം രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും പെട്രോള്‍ പമ്പുകളും ഗ്യാസ് സ്റ്റേഷനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കത്തെ തുടര്‍ന്ന് ഇറക്കുമതി തടസ്സപ്പെടുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണ വിതരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ റീഫില്ലിനുള്ള കാത്തിരിപ്പ് കാലയളവ് 21 ദിവസത്തില്‍ നിന്ന് 25 ദിവസമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ വലിയൊരു വിഹിതം ഇറക്കുമതിയിലൂടെയായതിനാല്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവയ്ക്കൊപ്പം ഓസ്ട്രേലിയ, നോര്‍വേ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുതിയ ഇറക്കുമതി സാധ്യതകളും കേന്ദ്രം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Share this Article

Leave a Comment