ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പലിലെ 17 ഇന്ത്യന്‍ ജീവനക്കാരില്‍ ഒരാളായ മലയാളി യുവതി ആന്‍ ടെസ ജോസഫിനെ വിട്ടയച്ചു, ശേഷിക്കുന്ന നാവികരുടെ ക്ഷേമം ഉറപ്പാക്കാന്‍ ഇറാനിയന്‍ അധികാരികളുമായി ഇന്ത്യന്‍ ഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
കപ്പലില്‍ 17 ഇന്ത്യക്കാരാണ് ആകെയുണ്ടായിരുന്നത്. മറ്റു പതിനാറ് പേരെയും ഉടന്‍ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്കി. ഇവരില്‍ 4 പേര് മലയാളികളാണ്. ഒരുവര്‍ഷം മുന്‍പാണ് ആന്‍ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിങ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുന്‍പാണ് ഈ കപ്പലില്‍ എത്തിയത്.
സെക്കന്‍ഡ് ഓഫിസര്‍ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), തേഡ് എന്‍ജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. ശനിയാഴ്ചയാണ് ഒമാന്‍ ഉള്‍ക്കടലിനു സമീപം ഹോര്‍മുസ് കടലിടുക്കില്‍ ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന് സൈന്യം പിടിച്ചെടുത്തത്.