ജനീവ: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് 2,80,000ത്തിലധികം പേര്‍ പലായാനം ചെയ്തതായി ഐക്യരാഷ്ട്രസഭ. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ ഭീകരസംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ(എച്ച്ടിഎസ്) നേതൃത്വത്തില്‍ സായുധ കലാപം രൂക്ഷമാകുന്നതിനിടെയാണ് ജനങ്ങളുടെ കൂട്ടപ്പലായനം.
സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാരോട് ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് യാത്ര മുന്നറിയിപ്പ് പുറത്തിറക്കിയത്.
‘വര്‍ധിച്ചുവരുന്ന അക്രമത്തെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ 280,000-ത്തിലധികം ആളുകള്‍ പിഴുതെറിയപ്പെട്ടു.’ ഐക്യരാഷ്ട്രസഭ എക്സ് പോസ്റ്റില്‍ അറിയിച്ചു. 13 വര്‍ഷത്തെ യുദ്ധത്തിന് ശേഷം മോശമായ ജീവിത സാഹചര്യങ്ങളില്‍ ആക്രമണത്തിനിരയായവരെ സഹായിക്കാനുള്ള മാനുഷിക ശ്രമങ്ങള്‍ യുഎന്‍ വ്യാപിപ്പിക്കുകയാണെന്നും’ ഐക്യരാഷ്ട്രസഭ പറഞ്ഞു.