മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്തും സമീപ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം. മകരവിളക്കിന് മുന്നോടിയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ചേർന്ന യോഗത്തിലാണ് ഫയർ ഫോഴ്സ് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
വിവിധ പോയിന്റുകളിൽ 24 മണിക്കൂറും ഇവർ സജ്ജരായിരിക്കുമെന്നും കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് സ്ട്രക്ചർ ടീമിന്റെ ദൗത്യം. സിവിൽ ഡിഫൻസ് വൊളണ്ടിയർമാരെയും ആപ്ത മിത്ര വൊളണ്ടിയർമാരെയും ഉൾപ്പെടുത്തിയാണ് സ്ട്രക്ചർ ടീമിന്റെ പ്രവർത്തനം.
മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയർഫോഴ്സിന് ഉള്ളത്. കൂടുതൽ മുൻകരുതലിന്റെ ഭാഗമായി പാചകവാതകം ഉപയോഗിക്കുന്ന സന്നിധാനത്തെയും പരിസരത്തെയും ഹോട്ടലുകളിലും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലും ഇതിനോടകം പരിശോധന പൂർത്തിയാക്കി വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഏതെങ്കിലും വിധത്തിൽ തീപിടിത്തം ഉണ്ടായാൽ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനവും ഫയർ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയർഫോഴ്സിന്റെ സേവനമുണ്ടായിരിക്കും.