മലപ്പുറം: പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്കെതിരെ താന്‍ വധഭീഷണി മുഴക്കിയിട്ടില്ലെന്ന് റാഫി പുതിയകടവില്‍. തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീല്‍ചെയര്‍ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. അത് തമാശയായി പറഞ്ഞതാണെന്നും ഫോണ്‍ സംഭാഷണം മുഈന്‍ അലി തങ്ങള്‍ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ തങ്ങളോട് റാഫി മാപ്പു ചോദിക്കുകയും ചെയ്തു.
മുഈന്‍ അലി തങ്ങള്‍ തനിക്കെതിരെ നല്‍കിയ പരാതി രണ്ട് ദിവസത്തിനകം പിന്‍വലിക്കുമെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തിനകം തങ്ങളെ നേരില്‍ക്കാണുമെന്നും തങ്ങളുമായി നല്ല ബന്ധമാണ് ഇപ്പോഴുമെന്നും റാഫി പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കി എന്ന പരാതി നല്‍കുകയായിരുന്നു. മുഈനലി തങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബഹളം ഉണ്ടാക്കിയ റാഫി പുതിയകടവാണ് ഭീഷണി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. ഫോണ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിന് പിന്നാലെ റാഫി പുതിയകടവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.