ദൈവത്തിൻ്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ലെന്ന തോന്നലാണ് യുവാക്കൾ കേരളം വിടാൻ കാരണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പെരുന്തോട്ടം. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് പെരുന്തോട്ടം വിമർശനം ഉന്നയിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെട്ട് എവിടെയെങ്കിലും പോകണമെന്നാണ് അവരുടെ തോന്നൽ. ഇത് സിറോ മലബാർ സഭയുടെ മാത്രം പ്രശ്നമല്ല, യുവജനങ്ങളുടെ പ്രശ്നമാണ്. ഇവിടെ ജീവിച്ച് വിജയിക്കാൻ കഴിയുമെന്ന സാഹചര്യമുണ്ട് എന്ന് ബോധ്യപ്പെടുത്തണം. അതിന് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇവിടെ ജീവിച്ച് വിജയിക്കാൻ കഴിയുമെന്ന സാഹചര്യമുണ്ട് എന്ന് ബോധ്യപ്പെടുത്തണമെന്നും അതിന് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ജോസഫ് പെരുന്തോട്ടത്തിന് മറുപടി നൽകി. പുറത്ത് പോയി പഠിക്കണമെന്ന കുട്ടികളുടെ ആഗ്രഹത്തിന് മാതാപിതാക്കള്‍ വഴങ്ങുന്ന കാലമാണിതെന്നും അവരെ എങ്ങനെ ഇവിടെ നിലനിര്‍ത്താമെന്ന് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം മാറ്റത്തിന് വിധേയമാണ്. യുവാക്കൾ പുറത്തേക്ക് പോകുന്നത് പുതിയ പ്രതിഭാസമാണ്. ഉന്നത വിദ്യാഭ്യാസ രംഗം ശക്തീകരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. എല്ലാം ഒറ്റ ദിവസം കൊണ്ട് നേടി എടുക്കാൻ കഴിയുന്നതല്ല. ഇതിൽ ഒരു ആശങ്കയും വേണ്ടെന്നും കൊവിഡ് കാലത്ത് കേരളത്തിലേക്ക് വരണമെന്നായിരുന്നു പലരും ആഗ്രഹിച്ചത്. നമ്മുടെ നാട് ജീവിക്കാൻ പറ്റാത്ത നാടായി എന്ന് വിഷമിക്കേണ്ട. ഇനിയും മെച്ചപ്പെടാൻ ഉണ്ട്, അതിന് ഒരുമിച്ച് പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.